‘തോല്‍വികളുടെ നിരാശയും അമര്‍ഷവും തീര്‍ക്കാനുള്ള ഇടമായി പ്രതിപക്ഷം പാര്‍ലമെന്റിനെ കാണരുത്’; പ്രധാനമന്ത്രി മോദി

നിരന്തര തോല്‍വിയുടെ നിരാശയും അമര്‍ഷവും തീര്‍ക്കാനുള്ള ഇടമായി പ്രതിപക്ഷം പാര്‍ലമെന്റിനെ കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ഇരുസഭകളും രാഷ്ട്രീയ നാടകങ്ങളുടെ വേദിയാകരുതെന്നും അത് പോസിറ്റീവ് രാഷ്ട്രീയ ചര്‍ച്ചകളുടേയും ഫലവത്തായ സംവാദങ്ങളുടേയും വേദിയായി മാറണമെന്നും പ്രദാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് ശൈത്യകാല സമ്മേളത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിനുനേരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിഹാറില്‍ ഏറ്റ കനത്ത തിരിച്ചടി പ്രതിപക്ഷത്തെ ആകെ തകര്‍ത്തെന്നും അവരിപ്പോള്‍ അതിന്റെ കടുത്ത നിരാശയിലും അമര്‍ഷത്തിലുമാണെന്നും മോദി പറഞ്ഞു. തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും പ്രതിപക്ഷം രാഷ്ട്രനിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ശൈത്യകാല സമ്മേളനം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം, ബിഎല്‍ഒമാര്‍ അനുഭവിക്കുന്ന സമ്മര്‍ദം മുതലായവ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സഭ ശൈത്യകാല സമ്മേളനത്തിലും പ്രക്ഷുഭ്തമാകാനാണ് സാധ്യത. പാര്‍ലമെന്റ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ മുന്നണി പ്രത്യേക യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*