ഹൃദയാഘാതം എന്ന് കേള്‍ക്കുമ്പോള്‍ കൊളസ്‌ട്രോളിനെയാണ് ആദ്യം പ്രതിയാക്കുക. എന്നാല്‍ കൊളസ്‌ട്രോള്‍ മാത്രമല്ല, വായയുടെ ശുചിത്വം കുറഞ്ഞാലും ഹൃദയാഘാത സാധ്യത വര്‍ധിക്കാമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വായിൽ കാണപ്പെടുന്ന വിറിഡന്‍സ് സ്‌ട്രെപ്റ്റോകോക്കി എന്ന ബാക്ടീരിയ ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ഫിന്‍ലാന്‍ഡ്, യുകെ എന്നിവിടങ്ങിളില്‍ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ആശുപത്രിക്ക് പുറത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച 121 പേരുടെ ഹൃദയ ധമനികളിലെ പ്ലാക്ക് നിക്ഷേപം ഗവേഷകർ പരിശോധിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയരായ 96 രോഗികളിൽ നിന്നുള്ള ധമനികളുടെ സാമ്പിളുകളും അവർ പരിശോധിച്ചു. ഈ സാമ്പിളുകളിൽ പകുതിയോളം കേസുകളിലും ഓറൽ ബാക്ടീരിയയിൽ നിന്നുള്ള ഡിഎൻഎ അടങ്ങിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. ഏറ്റവും സാധാരണമായ ബാക്ടീരിയ വിറിഡൻസ് സ്ട്രെപ്റ്റോകോക്കി 42 ശതമാനം ഹാർട്ട് പ്ലാക്കിലും 43 ശതമാനം ശസ്ത്രക്രിയ സാമ്പിളുകളിലും കണ്ടെത്തി.
ബാക്ടീരിയകൾ എങ്ങനെയാണ് ഹൃദയാഘാതത്തിന് കാരണമാകുന്നു?
രക്ത ധമനികളിൽ രൂപം കൊള്ളുന്ന കൊഴുപ്പിന്റെ പാളികളിൽ വിറിഡൻസ് സ്ട്രെപ്റ്റോകോക്കി എന്ന ബാക്ടീരിയകൾ അടിഞ്ഞുകൂടുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ ബാക്ടീരിയകൾ ക്രമേണ ഒരു പറ്റിപ്പിടിച്ചിരിക്കുന്ന നേർത്ത പാളിയായി രൂപപ്പെടുന്നു, ഇത് ഗപ്രതിരോധ സംവിധാനത്തെ തിരിച്ചറിയുന്നതിൽ നിന്ന് തടയുന്നു. ഈ പ്ലാക്ക് പൊട്ടുമ്പോൾ, ബാക്ടീരിയകളും അവയുടെ ശകലങ്ങളും പുറത്തുവരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.
ഈ വീക്കം ധമനിയുടെ ഭിത്തികളെ ദുർബലപ്പെടുത്തുകയും വിള്ളലിനും ഹൃദയാഘാതത്തിനും സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. വിറിഡൻസ് സ്ട്രെപ്റ്റോകോക്കി എന്നറിയപ്പെടുന്ന ബാക്ടീരിയകൾ TLR2 എന്ന പാതയും സജീവമാക്കുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്, ഇത് ധമനികളിലെ വീക്കം കൂടുതൽ വർധിപ്പിക്കുന്നു.
വായയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം
- ദിവസവും രണ്ട് നേരം രണ്ട് മിനിറ്റ് പല്ലുകള്‍ തേക്കുക.
- പല്ലു തേക്കുന്നതിനൊപ്പം നാവും വൃത്തിയാക്കുക.
- മധുരമുള്ള ഭക്ഷണപാനീയങ്ങൾ പരിമിതപ്പെടുത്തുക.
- ഓരോ മൂന്ന്-നാല് മാസത്തിലും ടൂത്ത് ബ്രഷ് മാറ്റുക.
- പുകയില ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. മോണയില്‍ രക്തസ്രാവം, വേദന, വീക്കം എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു ദന്തരോഗവിദഗ്ദ്ധനെ സമീപിക്കുക.
- വർഷത്തിലൊരിക്കൽ ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുക.



Be the first to comment