‘ഇനി പള്ളിക്കകത്ത് കയറി ആക്രമണം പ്രതീക്ഷിക്കാം’; രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

കോട്ടയം: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് പോഷക സംഘടനകളായ ബജ്റംഗ്ദളും വിഎച്ച്പിയുമാണെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകള്‍ കഴിഞ്ഞപ്പോള്‍ വൈദികരെ ആക്രമിച്ചെന്നും ഇപ്പോള്‍ പള്ളികളുടെ പുറത്തുള്ള ക്രിസ്മസ് ആഘോഷങ്ങള്‍ നശിപ്പിക്കുകയാണെന്നും പള്ളിക്കകത്ത് കയറാന്‍ അധികം താമസമില്ലെന്നും കോട്ടയം പനയമ്പാല സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ സന്ദേശം നല്‍കി സംസാരിക്കവെ കാതോലിക്ക ബാവ പറഞ്ഞു. അമേരിക്ക ഫോര്‍ അമേരിക്കന്‍സ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോര്‍ ഹിന്ദൂസ് എന്ന് പറയുന്ന ആര്‍എസ്എസിന്റെ ഒരു വലിയ ആപ്തവാക്യം ഉണ്ടെങ്കില്‍ അത് ഈ ഇന്ത്യയില്‍ ചെലവാകാന്‍ പോകുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

ആരാധനാലയങ്ങള്‍ നിര്‍മിക്കുവാനോ ആരാധിക്കുവാനോ ഉള്ള സ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും ഒരുപോലെ തന്നെ നല്‍കുന്നതാണ്. അതിന് വിപരീതമായി പ്രവര്‍ത്തിക്കാന്‍ ഏതാനും ചില തീവ്രവാദികള്‍ക്കോ സംഘടനകള്‍ക്കോ അവകാശമില്ല. അത് നിയന്ത്രിക്കേണ്ടത് ഈ രാജ്യം ഭരിക്കുന്നതായ ഭരണാധിപന്മാരാണ്. അവര്‍ അതിനെതിരേ ശബ്ദമുയര്‍ത്താതെ അതിനെ അപലപിക്കാതെ ഇരിക്കുന്ന സമയത്ത് ഇത് അവരുടെ പദ്ധതിയുടെ ഒരു ഭാഗമാണെന്ന് മാത്രമേ ന്യൂനപക്ഷങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.

ഏത് മതത്തിലും മതഭ്രാന്തന്‍മാര്‍ ഉണ്ടാവാം, അവരെ നിയന്ത്രിക്കാന്‍ രാജ്യത്തെ ഭരണകര്‍ത്താക്കളാണ് ഉത്തരവാദിത്തപ്പെട്ടവര്‍. അവര്‍ അത് ചെയ്യാതിരിക്കുമ്പോള്‍ അവരുടെ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് ന്യൂനപക്ഷങ്ങളും ക്രിസ്ത്യാനികളും മനസ്സിലാക്കുമെന്നും ബാവാ കോട്ടയത്ത് പറഞ്ഞു. ആരാധനാലയങ്ങള്‍ നിര്‍മിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഭരണഘടന നല്‍കുന്നതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*