നഴ്‌സിംഗ് രംഗത്തെ ഓസ്‌കാര്‍; വെല്‍ഷ് സര്‍ക്കാരിന്റെ സുവര്‍ണ മെഡല്‍ മലയാളി നഴ്സിന്

ഹെർഫോർഡ്: ആരോഗ്യ രംഗത്തെ ഓസ്‌കര്‍ അവാര്‍ഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വെല്‍ഷ് സര്‍ക്കാരിന്റെ മികച്ച കെയര്‍ അവാര്‍ഡിനുള്ള ഗോള്‍ഡ് പുരസ്‌കാരം കൊല്ലം സ്വദേശിയായ ഷൈനി സ്‌കറിയക്ക്. റിയാദിൽ  നിന്നും വെയില്‍സിലെ ഒരു ഗ്രാമത്തിലേക്ക് ജീവിതം പറിച്ചു നടുകയും പ്രായമായ വെയില്‍സിലെ ജനതയ്ക്ക് സേവനം ചെയ്യാന്‍ തയ്യാറായതും അവാര്‍ഡ് നിര്‍ണയത്തില്‍ ഷൈനിയുടെ പേര് മുന്നിലെത്താന്‍ കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

സാധാരണ ചെറുപ്പക്കാര്‍ നഗരങ്ങളിൽ ജോലി ചെയ്യാനും ജീവിക്കാനും തയ്യാറാകുമ്പോള്‍ വെയില്‍സിലെ പ്രാന്ത പ്രദേശത്തു ജോലി ചെയ്യാന്‍ തയ്യാറായ ഷൈനിയുടെ തീരുമാനം സാമൂഹ്യ സേവനരംഗത്ത് വിലമതിക്കാനാകാത്തതാണ് അവാര്‍ഡ് നോമിനേഷനില്‍ മുന്‍ഗണന ലഭിക്കാന്‍ കാരണമായതും. കുടിയേറ്റക്കാരെ കൊണ്ട് നാടിനു ഗുണമുണ്ട് എന്ന ചിന്ത പടര്‍ത്താനും വെല്‍ഷ് സര്‍ക്കാരിന്റെ തീരുമാനം സഹായകമാകുകയാണ്.

വെയില്‍സിലെ റെയ്ഡര്‍ എന്ന സ്ഥലത്തു 64 ബെഡുള്ള  കെയര്‍ ഹോമിലാണ് 36കാരിയായ ഷൈനി ഇപ്പോള്‍ ജോലി ചെയ്യുന്നത്. സൗദിയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് നഴ്‌സ് ആയി മികച്ച സേവനം നടത്തിയിട്ടുള്ള ഷൈനിക്ക്  ബെസ്റ്റ് കെയര്‍ നഴ്‌സ് എന്ന അവാർഡ്  അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത് . സൗദിയില്‍ നിന്നുംവെയില്‍സിലെക്കുള്ള ഷൈനിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഏതൊരു നഴ്സിനും മാതൃക ആയിരിക്കണം എന്നാണ് അവാര്‍ഡ് നിര്‍ണയ സമിതിയുടെ വിലയിരുത്തല്‍. കോവിഡ് കാലത്തെത്തിയ വിദേശ നഴ്‌സ് എന്ന നിലയില്‍ തുടക്ക സമയം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്നിട്ടും ഷൈനി പുതിയ അന്തരീക്ഷവുമായി അതിവേഗം പൊരുത്തപ്പെട്ടെന്നും അവാര്‍ഡ് നിര്‍ണായ സമിതിക്ക് കണ്ടെത്താനായി.

ഹോം മാനേജര്‍ തന്നെയാണ് ഷൈനിയെ അവാര്‍ഡിനായി നോമിനേറ്റ് ചെയ്തത്. ഷൈനിയുടെ പോസിറ്റീവ് ആറ്റിറ്റിയൂഡ് കെയര്‍ ഹോമിന്റെ മൊത്തം പ്രവര്‍ത്തനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി എന്നാണ് മാനേജര്‍ സോഫി നല്‍കിയ നോമിനേഷനില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

വെയില്‍സിലെ ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കണക്കാക്കുന്ന ഈ പുരസ്‌കാരത്തിനായി നിരവധി സ്വദേശികളും വിദേശികളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കാര്‍ഡിഫ് ഹോളണ്ട് ഹൗസ് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അനേകം പേരെ പിന്നിലാക്കിയാണ് ഷൈനി ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയത്. അവരുടെ അര്‍ഹതയ്ക്കും ആത്മാര്‍ത്ഥ സേവനത്തിനും ലഭിച്ച അംഗീകാരമാണിത്. 2020ല്‍ വെയില്‍സിലേക്ക് മാറും മുമ്പ് ഷൈനി റിയാദിലെ കുട്ടികളുടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് (ഐ.സി.യു.) ജോലി ചെയ്തിരുന്നത്. ജേക്കബ് തരകനാണ് ഭര്‍ത്താവ്. മക്കള്‍: മന്ന, ഹന്ന.

Be the first to comment

Leave a Reply

Your email address will not be published.


*