ഹൈദരാബാദ്: ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒമേഗ സെയ്‌കി മൊബിലിറ്റി (OSM) തങ്ങളുടെ ആദ്യത്തെ അതിവേഗ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘വെക്‌സ്‌ട്ര’ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 99,900 രൂപ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനി ഈ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയത്. ഇതുവരെ വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനിയിൽ നിന്നുമുള്ള പുതിയ ഇലക്ട്രിക് സ്‌കൂട്ടർ പുതിയ വാണിജ്യതന്ത്രമായി കണക്കാക്കാം.
ഒമേഗ സെയ്‌കി മൊബിലിറ്റി വെക്‌സ്‌ട്ര: സവിശേഷതകൾ
3.5 ഇഞ്ച് കളർ LCD ഡിസ്പ്ലേയിലാണ് ഒമേഗ സെയ്‌കി മൊബിലിറ്റി വെക്‌സ്‌ട്ര പുറത്തിറക്കിയിരിക്കുന്നത്. ഇത് തത്സമയ ചാർജിങ് സ്റ്റാറ്റസ് കാണിക്കും. USB ചാർജിങ്, റിവേഴ്‌സ് പാർക്കിങ് അസിസ്റ്റ്, ഓപ്ഷണൽ GSM കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഈ സ്‌കൂട്ടർ പൂജ്യത്തിൽ നിന്ന് 80 ശതമാനം ചാർജ് ചെയ്യാൻ നാല് മണിക്കൂർ സമയമെടുക്കും. അതേസമയം ഹോം ചാർജറിൽ നിന്ന് പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം അഞ്ച് മണിക്കൂർ സമയമെടുക്കും. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വെക്‌സ്‌ട്ര സഞ്ചരിക്കും. ഇത് ഒറ്റ ചാർജിൽ 110 കിലോമീറ്ററിലധികം യഥാർത്ഥ റൈഡിങ് റേഞ്ച് വാഗ്ദാനം ചെയ്യും.
പ്രകടനം, കുറഞ്ഞ പ്രവർത്തനച്ചെലവ്, ആധുനിക കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയുടെ സംയോജനത്തോടെ നഗര ഉപയോഗത്തിന് ഒരു പ്രായോഗിക ഓപ്ഷനായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
ബാറ്ററി, മോട്ടോർ, റൈഡിങ് മോഡ്
3.45 കിലോവാട്ടിന്‍റെ IP67-റേറ്റഡ് LMFP ബാറ്ററിയാണ് വെക്‌സ്‌ട്രയിലുള്ളത്. കൂടാതെ 3 kW BLDC ഹബ് മോട്ടോറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് 12 ഡിഗ്രി ഗ്രേഡബിലിറ്റി വാഗ്ദാനം ചെയ്യുന്നു. ഫ്ലൈ ഓവറുകളിലൂടെയും നഗരങ്ങളിലൂടെയും ഉള്ള റൈഡിങിന് മികച്ച ഓപ്‌ഷനാണ് ഒമേഗ സെയ്‌കി മൊബിലിറ്റിയുടെ ഈ ഇലക്ട്രിക് സ്‌കൂട്ടർ. ഇക്കോ, സിറ്റി, സ്പോർട്‌സ് എന്നിങ്ങനെ കാര്യക്ഷമതയ്ക്കും പ്രകടനത്തിനുമൊത്ത മൂന്ന് റൈഡിങ് മോഡുകൾ ഇതിലുണ്ടാകും.
നിർമ്മാണവും ലഭ്യതയും
ഒമേഗ സെയ്‌കി മൊബിലിറ്റിയുടെ ഫരീദാബാദ് സ്ഥിതി ചെയ്യുന്ന പ്ലാന്‍റിലാണ് വെക്‌സ്‌ട്ര നിർമ്മിക്കുക. 25,000 യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുള്ള പ്ലാന്‍റാണ് ഇത്. ഇന്ത്യയ്ക്ക് പുറമെ, ഈ ഇലക്ട്രിക് സ്‌കൂട്ടർ ആഫ്രിക്കൻ വിപണികളിലേക്കും കയറ്റുമതി ചെയ്യും. ഇത് കമ്പനിയെ അന്താരാഷ്ട്ര വിപണി വികസിപ്പിക്കാൻ സഹായിക്കും. ഇന്ത്യയുടെ ടയർ I, II, III നഗരങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി 200ലധികം ഡീലർ ശൃംഖലയിലൂടെ ഇത് വിൽക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
“OSM വെക്‌സ്‌ട്രയുമായി പെർഫോമൻസ്, റേഞ്ച്, താങ്ങാനാവുന്ന വില എന്നിവയ്ക്കിടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്ന ഒരു വാഹനവുമായി ഞങ്ങൾ അതിവേഗ ഇരുചക്ര വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കുകയാണ്. മെട്രോ നഗരങ്ങൾക്ക് മാത്രമല്ല, കാര്യക്ഷമമായ മൊബിലിറ്റിക്ക് ജനങ്ങളുടെ ജീവിതത്തെയും ഉപജീവനമാർഗ്ഗത്തെയും യഥാർത്ഥത്തിൽ മാറ്റാൻ കഴിയുന്ന ടയർ-2, ടയർ-3 നഗരങ്ങൾക്കും വേണ്ടി ഇന്ത്യ മുഴുവൻ സാങ്കേതികവിദ്യാധിഷ്ഠിത ഇലക്ട്രിക് വാഹനങ്ങൾ സൃഷ്ടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത വെക്‌സ്‌ട്രയിലൂടെ ഞങ്ങൾ പ്രകടമാക്കുന്നു.” ഒമേഗ സെയ്‌കി മൊബിലിറ്റി സ്ഥാപകനും ചെയർമാനുമായ ഡോ. ഉദയ് നാരംഗ് പറഞ്ഞു.



Be the first to comment