
സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഒറ്റക്കൊമ്പൻ സിനിമയുടെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കും. ഏപ്രിൽ ഏഴിന് ചിത്രീകരണം തുടങ്ങാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകൾ കൂടി പരിഗണിച്ചാണ് ചിത്രീകരണം മാറ്റിവെച്ചത്. തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന ദുബായ് കിരീടാവകാശിയെ സ്വീകരിക്കാനുള്ള ചുമതല സുരേഷ് ഗോപിക്കാണ്. തുടർന്നുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ ഡെവലപ്പമെന്റ് ഓഫ് ദി നോർത്ത് ഈസ്റ്റ് റീജിയൺ പദ്ധതി, പെട്രോളിയം മിനിസ്ട്രിയുടെ ബ്രെയിൻ സ്റ്റോർമിങ് സെഷൻ എന്നിവയിലും കേന്ദ്രമന്ത്രിക്ക് പങ്കെടുക്കേണ്ടതുണ്ട്. ഇതോടെയാണ് ഒറ്റക്കൊമ്പന്റെ ചിത്രീകരണം വിഷുവിന് ശേഷം ഏപ്രിൽ 15ന് തുടങ്ങാൻ തീരുമാനിച്ചത്.
ബിഗ് ബജറ്റിൽ ഒരുക്കുന്ന ഒറ്റക്കൊമ്പൻ അതിന്റെ ഏറ്റവും മികച്ച രീതിയിൽ, വലിപ്പത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നതായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ‘പ്രേക്ഷകർ എന്നും പ്രതീക്ഷ അർപ്പിച്ച ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തിക്കുക എന്നത് ശ്രീ ഗോകുലം മൂവീസ് മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ മലയാളികളോടും നൽകിയിട്ടുളള വാക്കാണ്…. അത് ഏത് പ്രതിബന്ധങ്ങളെ അതിജീവിച്ചിട്ടായാലും’ – ശ്രീഗോകുലം മൂവീസ് വ്യക്തമാക്കി.
നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കും. കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻ രമേശ്വർ.
Be the first to comment