സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം; കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം

പാലക്കാട് ഒറ്റപ്പാലത്ത് സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. സാജന് ഇന്നലെ രാത്രി മുതല്‍ പനി പിടിപെട്ടതാണ് ആശങ്കക്കിടയാക്കുന്നത്. കണ്ണിനും മൂക്കിനും ഇടയിലായി മുറിവിന് രണ്ടര സെന്റീമീറ്റര്‍ അധികം വലിപ്പമുണ്ട്. കയ്യില്‍ കരുതാവുന്ന ആയുധം ഉപയോഗിച്ചാണോ മര്‍ദ്ദനം നടന്നതെന്ന് സംശയമാണ് കുടുംബം പങ്കുവെക്കുന്നത്.

അതിനിടെ കേസിലെ പ്രതിയായ സഹപാഠി കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ജാമ്യമില്ല വകുപ്പ് ചുമത്തിയ കേസില്‍ മകന്റെ മൊഴി പോലും രേഖപ്പെടുത്താതെ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പൊലീസ് ഒത്തുകളി എന്ന് ആരോപിച്ച് സാജന്റെ കുടുംബം രംഗത്തെത്തി. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണെന്നും നഷ്ടപരിഹാരം നല്‍കാത്തതിന്റെ പേരില്‍ മകനെ കേസില്‍ കൊടുക്കുകയായിരുന്നുവെന്നും കിഷോറിന്റെ കുടുംബം ആരോപിച്ചു.

പ്രതിക്ക് ജാമ്യം നല്‍കിയ പൊലീസ് നടപടിക്കെതിരെ അതിരൂക്ഷവുമര്‍ശനമാണ് പരുക്കേറ്റ സാജന്റെ കുടുംബം ഉയര്‍ത്തുന്നത്. തെല്ലും കുറ്റബോധം ഇല്ലാതെ പ്രതി ഉത്സവപ്പറമ്പുകളില്‍ കൊട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.പൊലീസ് നടപടിക്കെതിരെ തുടര്‍ന്ന് നിയമ പോരാട്ടത്തിലാണ് സാജന്റെ കുടുംബം ഒരുങ്ങുന്നത്.

കഴിഞ്ഞമാസം 19 ന് ആയിരുന്നു സംഭവം. വാക്കു തുറക്കാത്ത തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് വിവരം. ക്ലാസ് മുറിയില്‍ എത്തിയ കിഷോര്‍,ബെഞ്ചില്‍ ഇരിക്കുകയായിരുന്ന സാജനോട് തര്‍ക്കിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്നീട് കൂട്ടയടി നടന്നു. ഇതിനിടെയാണ് സാജന്റെ മൂക്കില്‍ കിഷോര്‍ ആഞ്ഞ് ഇടിക്കുന്നത്.മൂക്കിന് പരുക്കേറ്റ സാജനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റി. ഇന്നലെയാണ് ശസ്ത്രക്രിയ നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*