ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം; പിന്നില്‍ ഉമര്‍ മുഹമ്മദ്? ഫരീദാബാദ് സംഘത്തില്‍ പോലീസ് തിരയുന്ന വ്യക്തി

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്ന് സൂചന. ഇയാള്‍ക്ക് ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമിലിലുമായും ഡോ. ആദിലുമായും ഉമറിനു ബന്ധമുണ്ടെന്നാണ് വിവരം. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. താരിഖ് എന്നയാളില്‍ നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നും സൂചനയുണ്ട്. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് നാല് പേരെയും കസ്റ്റഡിയില്‍ എടുത്തത്. പഹഡ്ഗഞ്ച്, ദരിയാ ഗഞ്ച് എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പൊലീസിന്റെ പരിശോധന നടക്കുകയാണ്. ഹോട്ടലുകളുടെ രജിസ്റ്ററുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു.

ഉത്തര്‍പ്രദേശ് സ്വദേശിയായ അശോക് കുമാറാണ് മരിച്ചവരില്‍ ഒരാള്‍. ഡല്‍ഹിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. ഡല്‍ഹി ശ്രീനിവാസ്പുരി സ്വദേശി അമര്‍ ഖട്ടാരിയയാണ് മരിച്ചവരില്‍ മറ്റൊരാള്‍.

സംഭവത്തില്‍ യുഎപിഎ, സ്ഫോടകവസ്തു നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു എന്ന് ഡിസിപി വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്. സ്‌ഫോടനം നടന്ന കാറില്‍ നിന്ന് ചില ശരീരഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ ചിലത് തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുന്നു എന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ബദര്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് ചെങ്കോട്ടയ്ക്ക് സമീപമുള്ള സുനേരി ബാഗ് മസ്ജിദ് പാര്‍ക്കിംഗ് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ് പരിശോധിച്ചു. 200 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. സംശയം തോന്നിയ 13 പേരെ ചോദ്യം ചെയ്തു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം രാവിലെ 9.30 ന് ആരംഭിക്കും. ഐബി ഡയറക്ടര്‍, ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി പോലീസ് കമ്മീഷണര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ കാണും. സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രാഥമിക കണ്ടെത്തല്‍ വിശദീകരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*