‘ഇന്ത്യ സഖ്യം ദുര്‍ബലം; ബിജെപിയെ പോലെ സംഘടിതമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിട്ടില്ല’; പി ചിദംബരം

കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കി പി ചിദംബരം. ഇന്ത്യ സഖ്യം നിലവില്‍ ദുര്‍ബലമെന്ന പ്രസ്താവനയാണ് പി ചിദംബരം നടത്തിയത്. ബിജെപിയെ പോലെ ശക്തമായി സംഘടിതമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിട്ടില്ല എന്നും പരാമര്‍ശം. പി ചിദംബരത്തിന്റെ പ്രസ്താവന ആയുധമാക്കി ബിജെപിയും രംഗത്തെത്തി. സത്യം പുറത്തുവന്നു എന്നാണ് ബിജെപി വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.

ഇന്ത്യാസഖ്യം പൂര്‍ണ ശക്തിയോടെ നിലനില്‍ക്കുന്നുവെങ്കില്‍ താന്‍ സന്തോഷിക്കും. നിലവില്‍ ഇന്ത്യ സഖ്യം ദുര്‍ബലമാണ്. ശക്തിപ്പെടുത്താന്‍ ഇനിയും സമയമുണ്ട് എന്നും തന്റെ ചരിത്ര വായനയില്‍ നിന്ന് ബിജെപിയെ പോലെ ശക്തമായി സംഘടിതമായ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിട്ടില്ല എന്നുമായിരുന്നു പി ചിദംബരത്തിന്റെ പ്രസ്താവന. ഇന്ത്യ സഖ്യത്തിന്റെ ദുര്‍ബലതയെ കുറിച്ചുള്ള വാക്കുകളേക്കാള്‍ കോണ്‍ഗ്രസിന് പ്രഹരമേല്‍പ്പിച്ചത് ബിജെപിയുടെ സംഘടനാ മികവിനെ പുകഴ്ത്തി കൊണ്ടുള്ള പി ചിദംബരത്തിന്റെ വാക്കുകള്‍ ആണ്.

ചിദംബരത്തിന്റെ പ്രസ്താവനയെ ഇതിനോടകം തന്നെ ബിജെപി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. അഴിമതിയോടുള്ള സ്‌നേഹം കൊണ്ടുമാത്രം ഒത്തുചേര്‍ന്ന കൂട്ടം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അനുയായികള്‍ക്ക് പോലും കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് അറിയാമെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യ സഖ്യം നിര്‍ജീവമാണെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി പാര്‍ട്ടിക്കുള്ളില്‍ നേതാവ് അതൃപ്തി പരസ്യമാക്കിയത്. പി ചിദംബരത്തിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*