ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് പി പി ദിവ്യയെ ഒഴിവാക്കി. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് CPIM സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് CPIM നേരത്തെ തരം താഴ്ത്തിയിരുന്നു. ADM നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ ആയതിന് പിന്നാലെ ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
സി എസ് സുജാത ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാവും. പ്രസിഡൻറ് സ്ഥാനത്തുനിന്ന് സൂസൻ കോടിയെ നീക്കി. K S സലീഖ പുതിയ സംസ്ഥാന പ്രസിഡൻറ് ആകും. മൂന്നുതവണ പ്രസിഡൻ്റായതു കൊണ്ടാണ് ഒഴിവാക്കിയതെന്ന് വിശദീകരണം. സിപിഎം സംസ്ഥാന സമിതിയിൽ നിന്നും സൂസൻ കോടിയെ ഒഴിവാക്കിയിരുന്നു. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു നടപടി.
അതിജീവിതയായ കന്യാസ്ത്രീയ്ക്ക് ആവശ്യമായ സഹായം നൽകും. സാമ്പത്തികമായ സഹായം നൽകാനും ജനാധിപത്യ മഹിളാ അസോസിയേഷൻ തയ്യാർ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ സർക്കാരിനോട് ആവശ്യപ്പെടും. പി പി ദിവ്യ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയത് എന്ന് പി കെ ശ്രീമതി വ്യക്തമാക്കി.



Be the first to comment