യു ഡി എഫിന് ആത്മവിശ്വാസമില്ല, അതിനാലാണ് ഇടത് ഘടക കക്ഷിയെ ക്ഷണിക്കുന്നത്; ഇടതുമുന്നണിക്ക് നല്ല ആത്മവിശ്വാസം: മന്ത്രി പി രാജീവ്

നൂറു സീറ്റെന്ന് അവകാശപ്പെടുന്ന യു ഡി എഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാലാണ് ഇടത് ഘടക കക്ഷിയെ അങ്ങോട്ടേക്ക് ക്ഷണിക്കുന്നതെന്നും മന്ത്രി പി രാജീവ്. ഇടതുമുന്നണിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. ഏതെങ്കിലും കക്ഷിയെ കിട്ടുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്.

കത്തോലിക്കാ സഭയുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഇടപെടുന്നുണ്ട്. ഭിന്നശേഷി നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നു. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിർദ്ദേശങ്ങൾ സർക്കാർ പാലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വന്യമൃഗ ശല്യത്തിലും വിഷയത്തിലെ ഗവർണറുടെ നിലപാടിലും പി രാജീവ് പ്രതികരിച്ചു. വന്യമൃഗ ശല്യം എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണെന്നും ഇതിനായി സർക്കാർ നിയമനിർമ്മാണം നടത്തി ബില്ല് പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ഈ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ വൈകുന്നതാണ് പ്രശ്നം.

കത്തോലിക്കാ സഭക്ക് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് കരുതുന്നില്ല. ജെ ബി കോശി കമ്മീഷിനെ നിയോഗിച്ചതു തന്നെ ഈ സർക്കാരാണ്. റിപ്പോർട്ടിലെ ശുപാർശകൾ സംബന്ധിച്ച് ഫെബ്രുവരി 6ന് മുഖ്യമന്ത്രി ബന്ധപ്പെട്ടവരുമായി സംസാരിക്കും.

രാഹുൽ മാങ്കുട്ടത്തിൽ വിഷയം ഗൗരവതരം. അയോഗ്യത സംബന്ധിച്ച് സ്പീക്കറാണ് വിഷയം പരിഗണിക്കേണ്ടത്. കോൺഗ്രസ് ഗത്യന്തരമില്ലാതെയാണ് നടപടി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*