
ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന് പിള്ളയെ മാറ്റി. പകരം പുസപതി അശോക് ഗജപതി രാജു പുതിയ ഗവർണറാകും. ബിജെപിയുടെ മുതിർന്ന നേതാവായിരുന്ന ശ്രീധരൻപിള്ള നേരത്തെ മിസോറാം ഗവർണറായിരുന്നു. 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. ശ്രീധരൻപിള്ളയ്ക്ക് പകരം നിയമനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിൽ രാഷ്ട്രപതി ദ്രൗപതി മുർമു മൂന്ന് പേരുടെ നിയമനങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ബി.ഡി. മിശ്ര രാജിവച്ച ഒഴിവിൽ കവീന്ദർ ഗുപ്ത പുതിയ ഗവർണറാകും. ആഷിം കുമാർ ഘോഷാണ് പുതിയ ഹരിയാന ഗവർണർ ആയി ചുമതലയേറ്റെടുക്കുക. അതത് ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ നിയമനങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് രാഷ്ട്രപതി ഭവൻ ഇറക്കിയ ഉത്തരവിൽ പറയുന്നു.
മുതിർന്ന രാഷ്ട്രീയക്കാരനും മുൻ കേന്ദ്ര വ്യോമയാന മന്ത്രിയുമാണ് അശോക് ഗജപതി രാജു. മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമാണ് ലഡാക്കിലെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി നിയമിച്ച കവിന്ദർ ഗുപ്ത. മുൻ ജമ്മു കശ്മീർ സംസ്ഥാനത്തെ ഭരണപരിചയത്തിന് പേരുകേട്ടയാളാണ് ഗുപ്ത. കേന്ദ്രഭരണ പ്രദേശത്ത് ഉന്നത സ്ഥാനം വഹിക്കുന്ന ആദ്യത്തെ ജമ്മുവിൽ ജനിച്ച നേതാവാണ് അദ്ദേഹം.
ഹരിയാന ഗവർണർ പ്രൊഫ. ആഷിം കുമാർ ഘോഷ് അക്കാദമിക്, രാഷ്ട്രീയ ചിന്തകനാണ്. അദ്ദേഹത്തിന്റെ നിയമനം സംസ്ഥാനത്തിന്റെ ഭരണഘടനാ നേതൃത്വത്തിന് ഒരു പണ്ഡിത വീക്ഷണം കൊണ്ടുവരുമെന്ന കാര്യം തീർച്ചയാണ്.
പി എസ് ശ്രീധരൻ പിള്ളയെ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ വന്നിരുന്നുവെങ്കിലും അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ സംഘടനാ ചുമതലകളും ശ്രീധരന്‍പിള്ള നിര്‍വഹിച്ചിരുന്നു.
Be the first to comment