എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബിനാമി ഇടപാടുകളിലും തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ അൻവറിനെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്.
നേരത്തെ ഡിസംബർ 31-ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സമയം നീട്ടി ചോദിച്ചിരുന്നു. തുടർന്ന് ജനുവരി 7-ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി.
അൻവറിൻ്റെ ആസ്തിയിലുണ്ടായ അസ്വാഭാവികമായ വർധനവാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. അൻവറിൻ്റെ വീട്ടിലുൾപ്പടെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ചോദ്യം ചെയ്യുന്നത്. 2016ൽ 14.38 കോടി ആയിരുന്ന പി വി അൻവറിൻ്റെ ആസ്‌തി 2021ൽ 64.14 കോടിയായി വർധിച്ചു. ആസ്‌തി വർധനവ് എങ്ങനെ എന്നതിന് പി വി അൻവറിന് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലന്നാണ് ഇ ഡി ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
കെഎഫ്‌സി മലപ്പുറം ശാഖയിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മതിയായ ഈടില്ലാതെയും ക്രമക്കേടു നടത്തിയും പി വി അൻവർ വായ്പയെടുത്തെന്ന വ്യവസായി മുരുഗേഷ് നരേന്ദ്രൻ്റെ പരാതിയിൽ വിജിലൻസ് കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് പി വി അൻവറിനെതിരെ ഇ ഡി അന്വേഷണം തുടങ്ങിയത്. ഇതേ തുടർന്ന് ഇഡി പി വി അൻവറിൻ്റെ ഒതായിയിലെ വീട്, സഹോദര പുത്രൻ അഫ്താബ് ഷൗക്കത്തിൻ്റെ ഓഫിസ്, അൻവറിൻ്റെ ഡ്രൈവർ സിയാദിൻ്റെ വീട്, മഞ്ചേരിയിലെ പിവിആർ മെട്രോ വില്ലേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടത്തിയത്.
സിആർപിഎഫ് കർശന സുരക്ഷയൊരുക്കിയായിരുന്നു എല്ലാ ഇടങ്ങളിലും കൊച്ചി, ചെന്നൈ, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ചേർന്ന് പരിശോധന നടത്തിയത്. അൻവറിനു പുറമേ കെഎഫ്സി മലപ്പുറം ശാഖയിലെ 3 ഉദ്യോഗസ്ഥർ, അൻവറിൻ്റെ ഡ്രൈവർ സിയാദ് എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇഡി പരാതിക്കാരനായ വ്യവസായി മുരുഗേഷ് നരേന്ദ്രനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കെഎഫ്‌സി ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന മൊഴിയുടെയും പരാതിക്കാരൻ നൽകിയ രേഖകളുടെയും അടിസ്ഥാനത്തിൽ അൻവറിൻ്റെ മൊഴിയും എടുത്തിരുന്നു. ഇതിൻ്റെ തുടർച്ചയാണ് റെയ്ഡ് നടത്തിയത്. ഇതേതുടർന്നാണ് വീണ്ടും പി വി അൻവറിനെ ചോദ്യം ചെയ്യുന്നത്. അൻവറിനെതിരെ ശക്തമായ നടപടികളിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ഇഡിയുടെ ചോദ്യം ചെയ്യൽ അൻവറിന് നിർണായകമാണ്.



Be the first to comment