
പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്ന് പി വി അൻവർ.പക്ഷേ ആ ചെകുത്താന് നന്മ ഉണ്ടായിരിക്കണമെന്ന് മാത്രം. വിജയം പിണറായിസത്തിന് എതിരെ ഉള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വോട്ട് വാങ്ങാൻ സിപിഐഎം തയ്യാറായിക്കഴിഞ്ഞു. ആശയമില്ലാതെ ആമാശയം മാത്രമായി സിപിഐഎം ചുരുങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു.
അതിനിടെ നിലമ്പൂർ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. വിജയസാധ്യത ഉൾപ്പെടെയുള്ള ഘടകങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഐക്കമാൻഡ് തീരുമാനം എടുക്കുക.ആരെ സ്ഥാനാർത്ഥിയാക്കിയാലും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. പി വി അൻവർ മുതൽക്കൂട്ടാണ്. മലയോര കർഷകരുടെ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനല്ല ആര് സ്ഥാനാർഥി ആയാലും പിതാവുമായി വൈകാരിക ബന്ധമുള്ള ഭൂമിയാണ് നിലമ്പൂരിലേത്.
വി വി പ്രകാശിന്റെ ഓർമ്മകളുള്ള മണ്ണാണ്.അതെല്ലാം ഉപതിരഞ്ഞെടുപ്പിൽ ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായത് മുതൽ യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിരുന്നു. ആദ്യം മുതൽ രണ്ടു പേരുകൾ മാത്രം. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തോ ഡിസിസി അധ്യക്ഷൻ വിഎസ് ജോയിയോ?. ആര്യടൻ ഷൗക്കത്ത് എന്ന ഒറ്റ പേരിലേക്ക് ധാരണയിൽ എത്തി എന്നാണ് പുതിയ വിവരം. ഇന്ന് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർത്ഥിയെ വച്ചുള്ള പ്രചാരണത്തിന് തന്നെ യുഡിഎഫ് തുടക്കവുമിടും.
യുഡിഎഫിന്റെ സ്ഥാനാർത്ഥി ആര് എന്നതിൽ ഒറ്റുനോക്കുകയാണ് എൽഡിഎഫ് . അതിനുശേഷം ആകും അന്തിമ തീരുമാനം. ഇപ്രാവശ്യം പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിനു മുൻതൂക്കം ലഭിച്ചാൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എം ഷൗക്കത്ത്, വഴിക്കടവ് ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി എന്നിവരിൽ ഒരാൾക്ക് നറുക്കു വീഴാം.
യുഡിഎഫിൽ ആര്യാടൻ ഷൗക്കത്ത് ആണെങ്കിൽ സിപിഐഎം മുതിർന്ന നേതാവ് എം സ്വരാജിനെ തന്നെ രംഗത്തിറക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ട്. സ്വതന്ത്ര പരീക്ഷണത്തിന് മുതിർന്നാൽ രണ്ടുതവണ നിലമ്പൂരിൽ എൽഡിഎഫിനായി മത്സരിച്ച പ്രൊഫസർ തോമസ് മാത്യുവിനെ പരിഗണിച്ചേക്കാം.
മത്സരിക്കുന്ന കാര്യത്തിൽ ബിജെപി ഇപ്പോഴും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായതിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ മാറി നിൽക്കേണ്ടതില്ല എന്ന വികാരവും ബിജെപിക്കുള്ളിൽ ശക്തമാണ്. അങ്ങനെയെങ്കിൽ വയനാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നവ്യാ ഹരിദാസ്, ഷോൺ ജോർജ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
Be the first to comment