ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വർണം ചെമ്പാക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ പത്മകുമാർ കൂട്ട്നിന്നു. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയാണ് പുറത്തേക്ക് കടത്തിയിരുന്നത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019 ലെ ബോർഡിൻറെ മിനിട്സ് രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് നിർണായക തെളിവുകൾ ലഭിച്ചത്.
ശങ്കർ ദാസ് ഉൾപ്പടെയുള്ള ബോർഡ് അംഗങ്ങൾക്കും ഇതിൽ നിർണായക പങ്കുണ്ട്. കാരണം ബോധപൂർവമായിട്ടാണ് ഇവരെല്ലാവരും തന്നെ മിനിട്സിൽ ഒപ്പിട്ടിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി സമ്പാദ്യങ്ങൾ ഉണ്ടാക്കിയിരുന്നു. പത്മകുമാറിന്റെ ബിനാമിയായി പോറ്റി പ്രവർത്തിച്ചിരുന്നു എന്ന സംശയമാണ് എസ്ഐടിയ്ക്കുള്ളത്. ഇതുമായി ബന്ധപ്പെട്ട മൊഴികളും സംഘത്തിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കൂടി നിലവിൽ എസ്ഐടിയുടെ പക്കലുണ്ട്.
പത്മകുമാറിന്റെ അറസ്റ്റ് ഉടൻ തന്നെ അനിവാര്യമാണെന്നും അറസ്റ്റ് ഉണ്ടായാൽ അത് കൂടുതൽ പേരിലേക്ക് കൂടി അന്വേഷണം കടക്കുമെന്നുമാണ് എസ്ഐടിയുടെ നിരീക്ഷണം. ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഇതുവരെ എ പത്മകുമാർ ഹാജരായിട്ടില്ല. സമയപരിധി പൂർത്തിയായ സാഹചര്യത്തിൽ അന്വേഷണസംഘം പുതിയ നോട്ടീസ് നൽകും.ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കാനാണ് നീക്കം.



Be the first to comment