
മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഉയര്‍ന്ന ആശങ്കയില്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു. നിലവില്‍ 79000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഭൗമരാഷ്ട്രീയ പിരിമുറുക്കം വര്‍ധിച്ചതാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. ഇതിന് പുറമേ ആക്‌സിസ് ബാങ്കിന്റെ പ്രതീക്ഷിച്ചതിലും മോശമായ ദ്വൈമാസ കണക്കുകളും വിപണിയില്‍ പ്രതിഫലിച്ചു. മാര്‍ച്ച് പാദത്തില്‍ ലാഭം 7117 കോടിയായാണ് താഴ്ന്നത്. മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ 7130 കോടി ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. ഇതിനെ തുടര്‍ന്ന് ആക്‌സിസ് ബാങ്കിന്റെ ഓഹരിയില്‍ 4.50 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.
ഇതിന് പുറമേ അദാനി പോര്‍ട്‌സ്, ബജാജ് ഫിന്‍സെര്‍വ്, എസ്ബിഐ, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്, എംആന്റ്എം, ടാറ്റ സ്റ്റീല്‍ ഓഹരികളും നഷ്ടം നേരിട്ടു. ഇന്‍ഫോസിസ്, ടിസിഎസ് അടക്കം ഏതാനും ഓഹരികള്‍ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. തുടര്‍ച്ചയായി ഏഴുദിവസം നേട്ടം ഉണ്ടാക്കിയ ശേഷമാണ് ഓഹരി വിപണിയുടെ തകര്‍ച്ച. ഇതിന് പുറമേ അസംസ്‌കൃത എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
Be the first to comment