ഒടുവിൽ വാഗാ അതിർത്തി തുറന്ന് പാകിസ്താൻ; പൗരന്മാരെ തിരികെ സ്വീകരിച്ച് തുടങ്ങി

അട്ടാരി- വാഗാ അതിർത്തിയിൽ കുടുങ്ങിക്കിടന്ന പൗരന്മാർക്കായി ഒടുവിൽ പാകിസ്താൻ വാതിൽ തുറന്നു. അതിർത്തിയിൽ ഇന്നലെ മുതൽ കുടുങ്ങി കിടന്ന സ്വന്തം പൗരന്മാരെ പാകിസ്താൻ തിരികെ കൊണ്ടുപോയി. വലിയ പ്രതിഷേധങ്ങൾ അതിർത്തി തുറക്കാത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. യാതൊരു വിശദീകരണവും നൽകാതെയാണ് ഇന്നലെ സ്വന്തം പൗരൻമാരെ പാകിസ്താൻ തടഞ്ഞത്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പാക് പൗരൻമാരെ മടങ്ങാൻ ഇന്ത്യ അനുവദിച്ചപ്പോഴാണ് പാകിസ്താൻറെ ഈ സമീപനം.

ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഹ്രസ്വകാല വിസയിലുള്ള എല്ലാ പാകിസ്താൻ പൗരന്മാരും രാജ്യം വിടണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു.

യുദ്ധം പ്രഖ്യാപിച്ചിട്ടില്ലങ്കിലും അതിർത്തിയിൽ കാര്യങ്ങൾ യുദ്ധസമാനമാണ്. എട്ടാം ദിനവും നിയന്ത്രണ രേഖക്ക് സമീപം വീണ്ടും പാക് പോസ്റ്റുകളിൽ നിന്ന് വെടിവെപ്പ് ഉണ്ടായി.കുപ്വാര , ബാരമുള്ള , പൂഞ്ച് , അഖ്നൂർ സെക്ടറുകളിൽ ആണ് വെടിവെപ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് സൈനിക മേധാവി അതിർത്തി മേഖലയിലേക്ക് എത്തുകയും പാകിസ്താന്റെ സൈനികാഭ്യാസം നിരീക്ഷിക്കുകയും ചെയ്തു. ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യയെ വെല്ലുവിളിക്കുകയും ചെയ്തു. ലാഹോറിനും ഇസ്ലാമാബാദിനും പിന്നാലെ കൂടുതൽ നഗരങ്ങളിൽ നോ ഫ്ലൈ സോൻ പ്രഖ്യാപിച്ചു. ഡ്രോണുകളടക്കം വെടിവെച്ചിടുമെന്ന് മുന്നറിയിപ്പുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*