ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക മാറ്റി; നീക്കം ചെയ്‌ത്‌ ഹിമാചൽ രാജ്ഭവൻ

ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക നീക്കി. ഹിമാചൽ രാജ്ഭവനിൽ നിന്നാണ് പതാക നീക്കിയത്. ഷിംലയിലെ രാജ്ഭവനിലെ ചരിത്രപ്രസിദ്ധമായ മേശപ്പുറത്ത് വച്ചിരുന്ന പാകിസ്താൻ പതാക വെള്ളിയാഴ്ച നീക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് നീക്കം. ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല ചെയ്യപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ സ്വീകരിച്ച നടപടികളോടുള്ള പ്രതികരണമായാണ് ഷിംല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ പാകിസ്താൻ തീരുമാനിച്ചത്.

1972 ജൂലൈ 2, 3 തീയതികളിലാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും കരാറിൽ ഒപ്പുവച്ചത്. കരാർ ഒപ്പിടാൻ സാക്ഷ്യം വഹിച്ച തിളങ്ങുന്ന മരമേശ ഹിമാചൽ പ്രദേശ് രാജ്ഭവനിലെ കീർത്തി ഹാളിൽ ചുവന്ന നിറമുള്ള പ്ലാറ്റ്‌ഫോമിൽ സൂക്ഷിച്ചിരിക്കുന്നു. അതിൽ “സിംല കരാർ ഇവിടെ ഒപ്പുവച്ചത് 3-7-1972 നാണ്” എന്ന് എഴുതിയിരിക്കുന്നുവെന്ന് PTI റിപ്പോർട്ട് ചെയ്തു. പാകിസ്താൻ പതാക എപ്പോൾ നീക്കം ചെയ്തുവെന്ന് വ്യക്തമല്ലെങ്കിലും, പതാക “മേശപ്പുറത്തുണ്ടായിരുന്നില്ല” എന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

അതേസമയം ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അനുവദിക്കില്ലെന്ന് പാകിസ്താൻ അറിയിച്ചു. വാഗാ അതിർത്തി അടക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാർ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തി വയ്ക്കാനും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിൽ തീരുമാനിച്ചു.

ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാകിസ്താൻ റദ്ദാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി കുറച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്താൻ അറിയിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*