
പാലാ: പാലാ നഗരസഭാ കൗൺസിലറും സിപിഎം പാർലമെന്ററി പാർട്ടി ലീഡറുമായ അഡ്വ ബിനു പുളിക്കക്കണ്ടത്തെ സിപിഎം പുറത്താക്കി. തുടർച്ചയായ അച്ചടക്കലംഘനം കണക്കിലെടുത്ത് നടപടിയെന്ന് സിപിഎം പാലാ ഏരിയ കമ്മറ്റിയുടെ തീരുമാനം ജില്ലാ കമ്മറ്റി അംഗീകരിക്കുകയായിരുന്നു.
ജോസ് കെ മാണിയ്ക്ക് രാജ്യസഭാ സീറ്റ് നല്കിയ പാർട്ടിയുടെ നിലപാടിനെതിരെ ബിനു രംഗത്ത് വന്നിരുന്നു. കേരള കോൺഗ്രസ് എമ്മിനോടുള്ള നിലപാടുകളിൽ പാർട്ടി കൂടുതൽ ജാഗ്രത പുലർത്തണമെന്ന വിമർശനവും ബിനു രേഖപ്പെടുത്തിയിരുന്നു. സിപിഎമ്മിന് ആദ്യമായി ഭരണം കിട്ടിയ പാലാ നഗരസഭയിൽ ഭരണത്തിന്റെ ആദ്യകാലം മുതൽതന്നെ ബിനു പാർട്ടിയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. കേരള കോൺഗ്രസ് എം കൗൺസിലറെ മർദ്ദിച്ച സംഭവും വലിയ വിവാദം സൃഷ്ടിച്ചു. രണ്ടാം ടേമിൽ തനിക്ക് ലഭിക്കേണ്ടിയിരുന്ന ചെയർമാൻ സ്ഥാനം തട്ടിത്തെറിപ്പിച്ചത് ജോസ് കെ മാണിയാണെന്നായിരുന്നു ബിനുവിന്റെ നിലപാട്. സ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അന്ന് മുതൽ കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു ബിനുവിന്റെ പ്രതിഷേധം.
എന്നാൽ രാജ്യസഭാ സീറ്റ് ജോസ് കെ മാണിയ്ക്ക് സിപിഎം നല്കിയതോടെ ഭീരുക്കളോട് ഏറ്റുമുട്ടാനില്ലെന്നും ഇനി കറുപ്പിടില്ലെന്നും വെളളവസ്ത്രം ധരിക്കുമെന്നും ചൊവ്വാഴ്ച രാവിലെ ബിനു വ്യക്തമാക്കിയിരുന്നു. ബിനുവിന്റെ തുടർച്ചയായ പാർട്ടിവിരുദ്ധ പ്രവർത്തനം കണക്കിലെടുത്താണ് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ബിനുവിനെ പുറത്താക്കിയത്.
Be the first to comment