പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. AEO യുടെ റിപ്പോർട്ടിന്മേലാണ് വകുപ്പിൻ്റെ നടപടി. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും AEO വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക,ക്ലാസ് ടീച്ചർ എന്നിവർക്കും വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ചു.
ഡിസംബർ 18 ന് സ്കൂൾ അധികൃതർ സംഭവം അറിഞ്ഞിട്ടും പോലീസിനെ വിവരം അറിയിക്കുന്നതിൽ വീഴ്ച പറ്റി. പരാതി നൽകാനും വൈകി. ജനുവരി 3നാണ് വിദ്യാഭ്യാസ വകുപ്പിന് സ്കൂൾ പരാതി നൽകുന്നത്. നേരത്തെ സ്പെഷ്യൽ ബ്രാഞ്ച് സ്കൂളിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് AEO റിപ്പോർട്ട്.
അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ രാജി എഴുതി വാങ്ങുകയാണ് ഉണ്ടായതെന്നും രക്ഷിതാക്കളുടെ നിസ്സഹകരണവും വിഷയത്തിൽ പ്രശ്നമായെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥി സഹപാഠിയോട് നടത്തിയ തുറന്നുപറച്ചിലിൽ ആണ് നവംബർ 29ന് നടന്ന ക്രൂര പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. സ്കൂൾ വിഷയം ഒതുക്കി തീർത്തെങ്കിലും സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂരത പുറത്ത് വന്നതും പ്രതി പിടിയിലായതും.



Be the first to comment