പാൻ കാർഡ് പ്രവർത്തന രഹിതമാകുമോ? ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇത്; അറിയേണ്ടതെല്ലാം

ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പെർമനൻ്റ് അക്കൗണ്ട് നമ്പർ (പാൻ). ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിന് പാൻ നിർബന്ധമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 139 A പ്രകാരം നികുതിദായകർക്ക് ഒരു പെർമനൻ്റ് അക്കൗണ്ട് നമ്പർ ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.

എന്നാൽ നിങ്ങളുടെ ആധാറുമായി പാൻ ലിങ്ക് ചെയ്‌തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡിൻ്റെ ആധികാരികത നഷ്‌ടപ്പെടുമെന്ന് നിങ്ങൾക്കറിയാമോ? യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അടുത്തിടെ അറിയിച്ച പുതിയ ആധാർ നിയമങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ 2025 ഡിസംബർ 31-ന് മുൻപ് അവരുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്.

ഇല്ലെങ്കിൽ 2026 ജനുവരി 1ന് നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമാകുമെന്നാണ് സർക്കാരിൽ നിന്നുള്ള മുന്നറിയിപ്പ്. മിക്ക പാൻ കാർഡ് ഉപയോക്താക്കളും അവരുടെ അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്‌തിരിക്കാമെങ്കിലും, അങ്ങനെ ചെയ്യാത്തവർ ഈ പറഞ്ഞ സമയപരിധിക്ക് മുൻപ് പാൻ-ആധാർ ലിങ്കിങ് പൂർത്തിയാക്കേണ്ടതുണ്ട്.

നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

  • ആദായനികുതി വകുപ്പിൻ്റെ ഔദ്യോഗിക ഇ-ഫില്ലിങ് പോർട്ടൽ (https://www.incometax.gov.in/iec/foportal/) സന്ദർശിക്കുക
  • ഇടത് വശത്തെ പാനലിലുള്ള “ലിങ്ക് ആധാർ” എന്നതിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകിയ ശേഷം, പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ “വാലിഡേറ്റ്” അമർത്തുക
  • ഇതോടുകൂടി നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ആയിക്കഴിഞ്ഞിരിക്കുന്നു.

പാൻ-ആധാർ ലിങ്ക് സ്റ്റാറ്റസ് ഓൺലൈൻ ആയി എങ്ങനെ പരിശോധിക്കാം?

  • ആദായനികുതി പോർട്ടൽ (https://www.incometax.gov.in/iec/foportal/) സന്ദർശിക്കുക
  • “ലിങ്ക് ആധാർ സ്റ്റാറ്റസ്” എന്നതിൽ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ പാൻ, ആധാർ വിശദാംശങ്ങൾ നൽകുക
  • നിങ്ങളുടെ പാനും ആധാറും ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ‘വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ്’ (View Link Aadhaar Status) അമർത്തുക

ലളിതമായി എസ്എംഎസ് വഴി നിങ്ങളുടെ ആധാർ-പാൻ ലിങ്കിൻ്റെ സ്റ്റാറ്റസ് നിങ്ങൾക്ക് പരിശോധിക്കാം

  • ‘UIDPAN <12-അക്ക ആധാർ> <10-അക്ക പാൻ>’ ടൈപ്പ് ചെയ്യുക
  • 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് അയയ്ക്കുക
  • നിങ്ങളുടെ ആധാർ-പാൻ ലിങ്കിൻ്റെ സ്റ്റാറ്റസ് സംബന്ധിച്ച ഒരു സ്ഥിരീകരണ സന്ദേശം നിങ്ങൾക്ക് ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*