നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്ന് മുസ്ലീംലീഗ്. വോട്ടിങ് ഷെയറിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വെള്ളാപ്പള്ളിക്കുള്ള മറുപടി ജനങ്ങൾ നൽകിയെന്നും ലീഗ് മറുപടി കൊടുക്കേണ്ടതില്ല എന്നാണ് നയമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുസ്ലീം ലീഗ് തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് സെമി ആയിരുന്നു ഫൈനൽ വരാനിരിക്കുന്നു എന്നാണ് അന്ന് പറഞ്ഞത്. നിലവിലുള്ള സീറ്റുകളെ കുറിച്ചും പുതിയ സീറ്റുകളെ കുറിച്ചും ചർച്ച ചെയ്യും. നിലവിലുള്ള സീറ്റുകൾ മലബാർ കേന്ദ്രീകരിച്ചാണ് ഉള്ളത്. തെക്കൻ കേരളത്തിൽ നേരത്തെ മുസ്ലീം ലീഗ് മത്സരിച്ചിരുന്നു. അവിടെയും സീറ്റുകൾക്ക് അർഹത ഉണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മന്ത്രി സഭയിൽ കൂടുതൽ കൂടുതൽ പ്രാതിനിത്യം ആവശ്യപ്പെടുമോ എന്ന ചോദ്യത്തൊട് കുട്ടി പ്രസവിക്കട്ടെ, എന്നിട്ടല്ലേ കുട്ടിയുടെ സ്വഭാവം പറയാൻ പറ്റൂ എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി.
മുന്നണി വിപുലീകരണം മുസ്ലിം ലീഗിന്റെ മാത്രം ആവശ്യമല്ല. എല്ലാ ഘടക കക്ഷികളും അത് ആഗ്രഹിക്കുന്നുണ്ട്. കേരള കോൺഗ്രസ് എമ്മിനെ ഉൾപ്പെടെ കൊണ്ട് വരണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കണം എന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടത്. അതിൽ മുസ്ലീം ലീഗിന് അഭിപ്രായം ഇല്ലെന്ന് അദേഹം പറഞ്ഞു. ത്രിതല പഞ്ചായത്തിൽ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഉള്ള നേതൃത്വത്തിന്റെ കഴിവ് ആണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടി ജനങ്ങൾ നൽകിയെന്നും മുസ്ലീം ലീഗ് കൂടുതൽ മറുപടി കൊടുക്കേണ്ട കാര്യം ഇല്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വെള്ളാപ്പള്ളിയുമായി ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ല.അഭിപ്രായ വ്യത്യാസങ്ങൾ വർഗീയ ചേരി തിരിവിലേക്ക് പോകാൻ പാടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.



Be the first to comment