കൊല്ലം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനി ഗൗരി ആര്‍ ലാല്‍ജിക്ക് (23). മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഗൗരി ജോലിയില്‍ പ്രവേശിച്ചത്. പരവൂര്‍ റോഷ്‌ന ബുക്‌സ് ഉടമ കുറുമണ്ടല്‍ ചെമ്പന്റഴികം വീട്ടില്‍ സി എല്‍ ലാല്‍ജിയുടെയും ഒ ആര്‍ റോഷ്‌നയുടെയും മകളാണ്.
എറണാകുളത്ത് ഹൈക്കോടതി അസിസ്റ്റന്റായി ജോലി ചെയ്തു വരുന്നതിനിടെയാണ് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചത്. പഞ്ചായത്ത് സെക്രട്ടറി പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ 63-ാം റാങ്ക് നേടിയാണ് ഗൗരി ജോലിയില്‍ പ്രവേശിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ ഐഎഎസ് കരസ്ഥമാക്കണമെന്നാണ് ഗൗരിയുടെ ആഗ്രഹം. അതിനായുള്ള തീവ്ര പരിശീലനത്തിലാണ്.
കൊല്ലം എസ്എന്‍ വനിതാ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദം മൂന്നാം റാങ്കോടെ പാസായ ഗൗരി, ഹൈക്കോര്‍ട്ട് അസിസ്റ്റന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു. സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ കൊല്ലം ജില്ലാ ടോപ്പര്‍ ആയിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ എഴുത്തും മത്സര പരീക്ഷകളില്‍ പങ്കെടുത്തതും മുടങ്ങാതെയുള്ള പത്രം വായനയും മത്സര പരീക്ഷകളില്‍ നേട്ടം നേടാന്‍ സഹായിച്ചുവെന്ന് ഗൗരി പറഞ്ഞു.



Be the first to comment