ലുലു മാളില്‍ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച് ഡിവിഷന്‍ ബെഞ്ച്. ഉപഭോക്താക്കളില്‍ നിന്ന് ലുലു അധികൃതര്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ബില്‍ഡിങ് റൂള്‍സ് എന്നിവയുടെ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി.
മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ലൈസന്‍സ് പ്രകാരം കെട്ടിട ഉടമയ്ക്ക് പാര്‍ക്കിങ് ഫീസ് പിരിക്കാമെന്ന് നേരത്തേ സിംഗിള്‍ ബെഞ്ചും വിധിച്ചിരുന്നു. അതേസമയം, പാര്‍ക്കിങ് ഫീസ് ഈടാക്കണോ എന്ന് തീരുമാനിക്കാന്‍ കെട്ടിട ഉടമയ്ക്ക് വിവേചാനാധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എസ്.എ. ധര്‍മാധികാരി, വിഎം. ശ്യാംകുമാര്‍ എന്നിവരുടേതാണ് ഉത്തരവ്.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ബോസ്‌കോ കളമശേരി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ഇടപ്പള്ളി ലുലു മാളിലെ ബേസ്‌മെന്റ്, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് എന്നിവിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ സൗകര്യമാണ് വാഹനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നും പാര്‍ക്കിങ് ഏരിയകൂടി ഉള്‍പ്പെടുത്തിയാണ് മുനിസിപ്പാലിറ്റിക്ക് കെട്ടിട നികുതി നല്‍കുന്നതെന്നും കോടതിയില്‍ ലുലു വ്യക്തമാക്കിയിരുന്നു. ന്യായമായ ഫീസാണ് ഈടാക്കുന്നത്. ഈ തുക പാര്‍ക്കിങ് ഏരിയയുടെ പരിപാലനത്തിനാണ് ഉപയോഗിക്കുന്നതെന്നും ലുലു ചൂണ്ടിക്കാട്ടി.
പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലുലു മാളിന് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് കളമശേരി നഗരസഭയും നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേരള മുന്‍സിപ്പാലിറ്റി ചട്ടം അനുസരിച്ച് പേ ആന്‍ഡ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് അനുമതി. ഈ സാഹചര്യത്തില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമല്ലെന്നും ബിസിനസ് പ്രത്യേക അവകാശമാണെന്നും ഹൈക്കോടതി വിധിക്കുകയായിരുന്നു.



Be the first to comment