ന്യൂഡൽഹി: പാര്‍ലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് (ജനുവരി 28) തുടക്കമാകും. ഇരു സഭകളെയും അഭിസംബോധന ചെയ്‌ത് കൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമു നയപ്രഖ്യാപനം നടത്തും. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാജ്യത്തിൻ്റെ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കുക.
മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവിൻ്റെ മേൽനോട്ടത്തിൽ സാമ്പത്തികകാര്യ വകുപ്പാണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയാറാക്കുന്നത്. 2025-26ലെ (ഏപ്രിൽ-മാർച്ച്) സമ്പദ്‌വ്യവസ്ഥയെയും പ്രധാന സൂചകങ്ങളെയും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള അവബോധവും കാഴ്‌ച്ചപ്പാടും നൽകാൻ റിപ്പോർട്ട് സഹായകമാകും.
രണ്ട് ഘട്ടങ്ങളിലായാണ് പാർലമെൻ്റ് ബജറ്റ് സമ്മേളനം നടക്കുക. 65 ദിവസങ്ങളിലായി 30 സിറ്റിങ്ങുകൾ നീണ്ടുനിൽക്കുന്ന സമ്മേളനം ഏപ്രില്‍ 2ന് അവസാനിക്കും. ഫെബ്രുവരി 13ന് ഇരുസഭകളും അവധി പ്രഖ്യാപിക്കുകയും ശേഷം മാർച്ച് 9ന് പുനരാരംഭിക്കുകയും ചെയ്യും.
വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ഗ്രാന്‍ഡുകൾ സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് അവലോകനം ചെയ്യാനുള്ള സമയമാണിത്. പ്രാരംഭ ഘട്ടത്തിൽ പ്രധാനമായും 2026-27ലെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിലും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചകളിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ നടന്ന സർവകക്ഷി യോഗത്തിൽ ബജറ്റ് സമ്മേളനത്തിൻ്റെ അജണ്ട വിശദീകരിച്ചു. സമ്മേളനത്തിൻ്റെ രണ്ടാം ഭാഗം പ്രധാനമായും നിയമനിർമ്മാണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജനകേന്ദ്രീകൃത വിഷയങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു. വോട്ട് മോഷണം, തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം, നെല്ല് സംഭരണം, തൊഴിലുറപ്പ് ഭേദഗതി ബില്ല് പിൻവലിക്കുക എന്നിവയാണ് സമ്മേളനത്തിൽ ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന വിഷയങ്ങളെന്ന് മാണിക്കം ടാഗോർ പറഞ്ഞു.
കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന സഹമന്ത്രി ജോർജ് കുര്യൻ, കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ, എൻസിപി എംപി സുപ്രിയ സുലെ, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി എന്നിവരും ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്നലെ ഡൽഹിയിലെത്തിയിരുന്നു. നിയമങ്ങൾ അനുസരിച്ച് ഏത് പ്രധാന വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും പാർലമെൻ്ററി കാര്യങ്ങൾക്ക് നിയമനിർമാതാക്കളുടെ സഹകരണം തേടിക്കൊണ്ട് പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
ചർച്ചകൾ ബജറ്റിനെ ചുറ്റിപ്പറ്റി മാത്രമായിരിക്കണമെന്നാണ് ചട്ടങ്ങൾ അനുശാസിക്കുന്നത്. നിർദേശങ്ങൾ എപ്പോഴും സർക്കാർ സ്വീകരിക്കാറുണ്ടെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാമത്തെ ബജറ്റും ധനമന്ത്രി നിർമല സീതാരാമൻ്റെ ഒമ്പതാമത്തെ ബജറ്റുമാണ് അവതരിപ്പിക്കാൻ തയാറെടുക്കുന്നത്.



Be the first to comment