
മുംബൈ: ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാന്‍ പേടിഎം പേയ്‌മെന്റ് സര്‍വീസസിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ ഇന്ന് ആറുശതമാനം ഉയര്‍ന്ന് 1,186 രൂപയായി.
പേടിഎം ബ്രാന്‍ഡ് ഉടമയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ചൊവ്വാഴ്ച സമര്‍പ്പിച്ച ഫയലിങ്ങിലാണ് റിസർവ് ബാങ്ക് അനുമതി സംബന്ധിച്ച് വ്യക്തമാക്കിയത്. 2022 നവംബര്‍ 25 മുതല്‍ പേടിഎം പേയ്മെന്റ് സര്‍വീസസ് ലിമിറ്റഡില്‍ പുതിയ വ്യാപാരികളെ ഉള്‍പ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണവും ഇതിനോടൊപ്പം നീക്കം ചെയ്യും. അതേസമയം സൈബര്‍ സുരക്ഷാ അവലോകനം ഉള്‍പ്പെടെ സമഗ്രമായ ഒരു സിസ്റ്റം ഓഡിറ്റ് നടത്താനും റിസര്‍വ് ബാങ്ക് കമ്പനിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആറുമാസത്തിനകം സിസ്റ്റം ഓഡിറ്റ് നടത്തിയതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ താല്‍ക്കാലിക അംഗീകാരം നഷ്ടപ്പെടുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.
ജൂണ്‍ പാദത്തില്‍ പേടിഎം ആദ്യമായി ലാഭം രേഖപ്പെടുത്തി ആഴ്ചകള്‍ക്ക് ശേഷം റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടി കമ്പനിക്ക് ആത്മവിശ്വാസം പകരും. ജൂണ്‍ പാദത്തില്‍ 123 കോടിയുടെ ലാഭമാണ് വണ്‍97 കമ്മ്യൂണിക്കേഷന്‍സ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 839 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്ന സ്ഥാനത്താണ് ഈ കുതിച്ചുച്ചാട്ടം. വായ്പാ വിഭാഗത്തിലെ ശക്തമായ വളര്‍ച്ചയും ചെലവ് നിയന്ത്രണങ്ങളുമാണ് ഈ പുരോഗതിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Be the first to comment