
നികുതി ഘടന രണ്ടു സ്ലാബ് മാത്രമായി വെട്ടിക്കുറച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തില്‍ വരുന്നതോടെ, മലയാളിയുടെ ഇഷ്ടവിഭവമായ പഴംപൊരിയുടെ വില കുറയും. സംസ്ഥാനത്തെ ബേക്കറികളില്‍ വിലയില്‍ പത്തുശതമാനത്തിൻ്റെ കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ക്ക് നേരത്തെ ചുമത്തിയിരുന്നത് 18 ശതമാനം ജിഎസ്ടി ആയിരുന്നു. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇവയുടെ നികുതി അഞ്ചു ശതമാനം സ്ലാബിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മുമ്പ് 12 ശതമാനം സ്ലാബില്‍ ഉണ്ടായിരുന്ന മിക്സ്ചര്‍, വേഫറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും വില കുറയും. ഇവയെയും അഞ്ചു ശതമാനം സ്ലാബിലേക്ക് മാറ്റിയിട്ടുണ്ട്.
ചെലവ് ഘടന യുക്തിസഹമാക്കിയ ശേഷം സംസ്ഥാനത്തെ ബേക്കറികള്‍ ഏഴു ശതമാനം മുതല്‍ പത്തുശമാനം വരെ വില കുറയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് എറണാകുളത്തും നഗരത്തിന് പുറത്തുമായി 50 ഓളം റീട്ടെയില്‍ ഔട്ട്ലെറ്റുകളുള്ള ബേക്കറി ബിയുടെ സിഇഒ വിജേഷ് വിശ്വനാഥ് പറഞ്ഞു. ‘ഏകദേശം 10 രൂപ വിലയുള്ള പഴംപൊരിക്ക് ഒരു രൂപ കുറയും. വന്‍കിട ലഘുഭക്ഷണ നിര്‍മ്മാതാക്കളും ബേക്കറികളും തത്വത്തില്‍ വില്‍പ്പന വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
’18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി നികുതി കുറയ്ക്കുമ്പോള്‍ ഫലത്തില്‍ ഞങ്ങള്‍ക്ക് നികുതി ഭാരം കുറയുക 11 ശതമാനമാണ്. പക്ഷേ ബേക്കറികള്‍ക്ക് യഥാര്‍ത്ഥത്തില്‍ നേട്ടം പൂജ്യമാണ്. വനസ്പതി പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഞങ്ങള്‍ 5 ശതമാനം നികുതി നല്‍കുകയും അതിന് ഇന്‍പുട്ട് ക്രെഡിറ്റ് നേടുകയും വേണം,”- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഘടക ഉല്‍പ്പന്നങ്ങളുടെ വിലയിലെ വര്‍ധന അസാധാരണമാണെന്നും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പാദകരുടെ ഭാരം വര്‍ധിക്കാന്‍ ഇത് കാരണമാകുന്നതായും വിജേഷ് ചൂണ്ടിക്കാട്ടി. നികുതി യുക്തിസഹമാക്കിയതിനെ കണ്ണൂര്‍ ആസ്ഥാനമായുള്ള ബേക്ക് സ്റ്റോറി ലൈവ് ബേക്കറിയുടെ മാനേജിങ് പാര്‍ട്ണര്‍ നൗഷാദ് എം സ്വാഗതം ചെയ്തു.
എല്ലാ ലഘുഭക്ഷണങ്ങള്‍ക്കും രുചികരമായ വിഭവങ്ങള്‍ക്കും 5% നികുതി നിരക്ക് ഞങ്ങള്‍ക്ക് ആശ്വാസം നല്കി. വര്‍ഗ്ഗീകരണ പ്രശ്നങ്ങള്‍ കാരണം പരമ്പരാഗത ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനകളാണ് ലഭിച്ചിരുന്നത്. ഉദാഹരണത്തിന്, ‘പഴംപൊരി’ക്ക് 18 ശതമാനം നികുതി ചുമത്തിയപ്പോള്‍ ഉണ്ണിയപ്പത്തിന് 5 ശതമാനമാണ് നികുതി. സെപ്റ്റംബര്‍ 22 മുതല്‍ തന്റെ ഔട്ട്ലെറ്റുകളില് ഉല്‍പ്പന്നങ്ങള്‍ ഏഴു മുതല്‍ 10 ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കും’- നൗഷാദ് കൂട്ടിച്ചേര്‍ത്തു.
Be the first to comment