ഉറക്കഗുളിക പതിവാക്കുന്നത് അത്ര സുരക്ഷിതമല്ല, ന്യൂറോളജിക്കല്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ഉത്കണ്ഠയും ഉറക്കമില്ലായ്മയുമൊക്കെ ഇന്ന് സർവസാധാരണമാണ്. അത് പരിഹരിക്കാൻ പല മരുന്നുകളും ഇന്ന് വിപണിയിൽ സുലഭമാണ്. അത്തരത്തിൽ ഉറക്കം കിട്ടാനും ഉത്കണ്ഠ കുറയ്ക്കാനും കഴിക്കുന്ന മരുന്നുകൾ പിന്നീട് മാരകമായ ന്യൂറോളജിക്കൽ രോ​ഗങ്ങൾക്ക് കാരണമാകാമെന്ന് സ്വീഡിഷ് ഗവേഷകരുടെ പഠനം.

ജെഎഎംഎ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ആന്‍റിഡിപ്രസന്‍റുകൾ, ഉത്കണ്ഠാ വിരുദ്ധ ഗുളികകൾ, ഉറക്ക ​ഗുളികകൾ തുടങ്ങിയ സാധാരണ മാനസികരോഗ മരുന്നുകളുടെ ദീർഘകാല ഉപയോഗവും അപൂർവവും മാരകവുമായ ന്യൂറോളജിക്കൽ രോഗമായ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസും (ALS) തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. ലൂ ഗെഹ്രിഗ്സ് രോഗം എന്നും ഇതിനെ അറിയപ്പെടുന്നു. ആളുകൾക്ക് നടക്കാനും സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും ഒടുവിൽ ശ്വസിക്കാനുമുള്ള കഴിവ് കാലക്രമേണ നഷ്ടപ്പെടുന്നതാണ് ഈ അവസ്ഥ.

ആയിരത്തിലധികം എഎൽഎസ് രോ​ഗികളെ വിലയിരുത്തിയതിൽ നിന്നും നിയന്ത്രണ ഏജൻസികളിൽ നിന്നുള്ള ഡാറ്റകൾ പ്രകാരവും പതിവായി മനോരോ​ഗ മരുന്നുകൾ ഉപയോഗിച്ചിരുന്നവർക്ക് പിന്നീട് ജീവിതത്തിൽ എഎല്‍എസ് രോഗനിർണയം നടത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി. മാത്രമല്ല, ഇവരിൽ രോ​ഗത്തിന്റെ പുരോ​ഗതി വളരെ വേ​ഗത്തിലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.

ജീവിതശൈലിയും ജനിതകവും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും എഎല്‍എസ് രോഗത്തിനും പ്രധാന ഘടകങ്ങളാണ്. 65 വയസിന് താഴെ ഉള്ളവരിലാണ് ഈ ശക്തമെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ മനോരോ​ഗ മരുന്നുകൾ കാരണമാണ് എഎൽഎസ് ഉണ്ടാകുന്നതെന്നതിൽ പഠനം വ്യക്തത നൽകുന്നില്ല. മാത്രമല്ല, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ എഎൽഎസിന്റെ ആദ്യകാല ലക്ഷണങ്ങൾ ആണോ എന്നതിലും വിശാലമായ പഠനം ആവശ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*