അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. AAIBയുടെ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പൈലറ്റുമാർക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയായിരുന്നു കോടതിയുടെ പരാമർശം. മാധ്യമ റിപ്പോർട്ട് വളരെ മോശമാണെന്നും പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്താരും വിശ്വസിക്കുന്നില്ലായെന്നും ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് നൽകിയ ഹർജിയിൽ ആണ് കോടതിയുടെ പരാമർശം. കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചു, ഈ മാസം പത്തിന് വീണ്ടും കേസ് പരിഗണിക്കും.
ജൂൺ 12നാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള 241 പേരും അപകടത്തില്‍ മരിച്ചിരുന്നു.



Be the first to comment