‘എടിഎമ്മില്‍ കാര്‍ഡ് ഇടുന്നതിന് മുന്‍പ് രണ്ടു തവണ കാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുക!, പിന്‍ തട്ടിപ്പില്‍ നിന്ന് രക്ഷ നേടാം’: സത്യാവസ്ഥ എന്ത്?

ന്യൂഡല്‍ഹി: എടിഎമ്മില്‍ ഡെബിറ്റ് കാര്‍ഡ് ഇടുന്നതിന് മുന്‍പ് കാന്‍സല്‍ ബട്ടണ്‍ രണ്ടു തവണ അമര്‍ത്തിയാല്‍ പിന്‍ നമ്പര്‍ ചോര്‍ത്തുന്നതില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്ന കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ടിപ്പാണെന്നും എടിഎമ്മുകളിലെ കീപാഡ് കൃത്രിമത്വത്തില്‍ നിന്ന് സ്വയം രക്ഷ നേടാന്‍ ഈ രീതി ഉപയോക്താക്കള്‍ക്ക് സ്വീകരിക്കാവുന്നതാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. എന്നാല്‍ സന്ദേശം വ്യാജമാണെന്നും ആര്‍ബിഐ ഇത്തരത്തില്‍ ഒരു ടിപ്പും ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

‘എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ വളരെ ഉപയോഗപ്രദമായ ഒരു ടിപ്പ്. കാര്‍ഡ് ഇടുന്നതിന് മുമ്പ് രണ്ടുതവണ ‘കാന്‍സല്‍’ അമര്‍ത്തുക. നിങ്ങളുടെ പിന്‍ കോഡ് മോഷ്ടിക്കാന്‍ ആരെങ്കിലും കീപാഡ് സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍, അത് റദ്ദാക്കപ്പെടും. നിങ്ങള്‍ നടത്തുന്ന ഓരോ ഇടപാടിന്റെയും ഭാഗമായി ഇത് ശീലമാക്കുക.’- ഇതാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പിലെ ഉള്ളടക്കം. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള, സോഷ്യല്‍മീഡിയയിലെ ഉള്ളടക്കങ്ങളുടെ വസ്തുതാ പരിശോധനാ ഹാന്‍ഡിലായ പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു. ആര്‍ബിഐ ഇത്തരത്തില്‍ ഒരു ടിപ്പും നല്‍കിയിട്ടില്ലെന്നും പിഐബി സ്ഥിരീകരിച്ചു.

ഒരു ഇടപാടിന് മുമ്പ് ‘കാന്‍സല്‍’ ബട്ടണ്‍ രണ്ടുതവണ അമര്‍ത്തുന്നത് പിന്‍ സ്‌കമ്മിങ്ങില്‍ നിന്നോ തട്ടിപ്പില്‍ നിന്നോ സംരക്ഷണം നല്‍കുമെന്ന് സൂചിപ്പിക്കുന്ന ഒരു ഔദ്യോഗിക മാര്‍ഗനിര്‍ദേശവും കേന്ദ്ര ബാങ്കില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് വിശദീകരിച്ചു. എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങള്‍ വെരിഫൈ ചെയ്യാന്‍ ശ്രമിക്കണം. വെരിഫൈ ചെയ്യുന്നതിന് മുന്‍പ് സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*