ശബരിമല സ്വര്‍ണക്കൊള്ള; ‘കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളില്‍ പെടും’; മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതോ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യമാണിത്. ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തില്‍ എത്തിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ എന്താണോ ക്രമക്കേട് ഉണ്ടായിട്ടുള്ളത് അതിന്മേലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിച്ചിട്ടുള്ളത്. ഹൈക്കോടതി തന്നെ കോടതിക്ക് മുന്നില്‍ വന്ന പ്രശ്‌നങ്ങള്‍ ചെയ്തിട്ടുള്ള കാര്യമാണ്. അതിന്റെ ഭാഗദമായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും കുറ്റവാളികളുണ്ടെങ്കില്‍ അവരെല്ലാം നിയമത്തിന്റെ കരങ്ങളില്‍ പെടുമെന്നത് സംശയിക്കേണ്ട കാര്യമില്ല. ഹൈക്കോടതിയുടെ നിലപാടിന് ഗവണ്‍മെന്റ് ആവശ്യമായ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയുടെ മുന്നില്‍ ഏത് തരത്തിലുള്ള അന്വേഷണം എന്നതിനെ പറ്റിയും ഗവണ്‍മെന്റ് വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി മറ്റു പ്രശ്‌നങ്ങളില്ല – അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയുണ്ടായെന്നത് എന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും വീഴ്ചയുണ്ടോ എന്നത് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ടതല്ല. അന്വേഷണത്തിലൂടെ ആര്‍ക്കൊക്കെ വീഴ്ചയുണ്ടായി എന്നത് കണ്ടെത്തും. വിഷയം ശ്രദ്ധയില്‍ പെട്ട ഉടനെ നടപടി തുടങ്ങിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തില്‍ എത്തിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പോറ്റി ഒരു ദിവസം ഒരു വെളിപ്പെടുത്തല്‍ നടത്തി. അവിടുത്തെ ചില കാര്യങ്ങള്‍ കാണാനില്ല എന്നായിരുന്നു. ആ വെളിപ്പെടുത്തലിന്റെ തുടര്‍ച്ചയായാണ് ദേവസ്വം വിജിലന്‍സ് അന്വേഷിക്കാന്‍ പുറപ്പെടുന്നത്. അന്വേഷണം എത്തിച്ചേര്‍ന്നത് അവിടെയുള്ള പീഠം മാറ്റിയിരിക്കുന്നുവെന്നും പോറ്റിയുടെ ബന്ധു ഗൃഹത്തില്‍ എത്തിയിരിക്കുന്നു എന്നതുമാണ്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യമാണത്. ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി പോറ്റിയടക്കം ഇത്തരം ആരോപണം ഉന്നയിക്കുകയായിരുന്നു. പോറ്റിയുടെ ബന്ധു ഗൃഹത്തില്‍ നിന്ന് കാണാതായ പീഠം കണ്ടെത്തിയതോടെ ആ കാര്യം സ്ഥിരീകരിക്കപ്പെട്ടു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കുറിച്ച് അ്ത്രകണ്ട് പുറത്ത് വരരുത് എന്നുള്ളത് കൊണ്ട് അതങ്ങനെ വന്നില്ല. അന്വേഷണം കൃത്യമായി നടക്കട്ടെ. ആര്‍ക്കൊക്കെ പങ്കുണ്ട് എന്ന് വ്യക്തമാകും. അത് വരെ കാക്കാം – അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. ഇന്നും ഇന്നലെയുമായി പ്രധാനമന്ത്രി ഉള്‍പ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ കണ്ടു. സംസ്ഥാനത്തിന്റെ വിവിധ വിഷയങ്ങളാണ് ശ്രദ്ധയില്‍ പെടുത്തിയത്. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍,സുപ്രധാന വിഷയങ്ങള്‍ ഇവയെല്ലാം നിവേദനങ്ങളായി നല്‍കി. നേരില്‍ കണ്ടപ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തി. കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം സാമ്പത്തിക സ്ഥിതി എന്നിവയില്‍ അടിയന്തര കേന്ദ്രം ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു – അദ്ദേഹം പറഞ്ഞു.

നാല് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 2221 കോടി രൂപ ഗ്രാന്‍ഡ് അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. ഇത് വായ്പയായി കണക്കാക്കരുത്. ദുരുതാശ്വാസത്തിനും പുനര്‍ നിര്‍മാണത്തിനുമുള്ള ഗ്രാന്‍ഡായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചു. അതോടൊപ്പം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണം ലഘൂകരുക്കുന്നതിനും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണ ആവശ്യപ്പെട്ടു – മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കണം എന്ന് ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയില്‍ എയിംസിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കിനാലൂരില്‍ സ്ഥാപിക്കാന്‍ അന്തിമ അനുമതി വേഗത്തില്‍ ആക്കണം എന്ന് ആവശ്യപ്പെട്ടു – അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*