പിണറായി സര്‍ക്കാര്‍ മുട്ടുമടക്കിയത് മതമൗലികവാദികള്‍ക്കു മുന്നില്‍; പിഎം ശ്രീ നടപ്പാക്കും വരെ ബിജെപി സമരം; പികെ കൃഷ്ണദാസ്

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍മാറാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. കണ്ണൂര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട കുട്ടികളുടെ മൗലിക അവകാശത്തിന്റെ നിഷേധമാണിത്. സിപിഐയുടെ മുന്‍പിലല്ല മതമൗലികവാദികളുടെയും തീവ്രവാദിസംഘടനകളുടെയും ഭീഷണിക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുകയാണ്. പദ്ധതി നടപ്പാക്കും വരെ ഭാരതീയ ജനതാ പാര്‍ട്ടി പ്രക്ഷോഭം നടത്തുമെന്ന് കൃഷ്ണദാസ് മുന്നറിയിപ്പു നല്‍കി. പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനം ആത്മഹത്യാപരമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

സിപിഐ ആവശ്യപ്പെട്ടതു കൊണ്ടാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയതെന്നു കരുതുന്നില്ല. ഏത് സിപിഐ എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുന്‍പെ പറഞ്ഞിട്ടുണ്ട്. തീവ്രവാദ സംഘടനകളുടെ ഭീഷണിക്കുമുന്നിലാണ് സര്‍ക്കാര്‍ കീഴടങ്ങിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്. പദ്ധതി കേരളത്തില്‍ നടപ്പാക്കും വരെ ബിജെപി പ്രക്ഷോഭം നടത്തും.

മെസിയുടെ പേരില്‍ പോലും സര്‍ക്കാര്‍ ജനത്തെ തെറ്റിദ്ധരിപ്പിച്ച് തീവെട്ടിക്കൊള്ള നടത്താന്‍ ശ്രമിക്കുകയാണ്. ഇതേക്കുറിച്ച് അന്വഷണം വേണം. മുട്ടില്‍ മരം മുറിക്ക് പിന്നില്‍ ആരാണോ അവരുമായി അടക്കം സര്‍ക്കാരിന് ബന്ധമുണ്ടെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ കര്‍ണാടകയിലെ ഭൂമി ഇടപാട് ആരോപണം നേരത്തെ സുപ്രീം കോടതി തള്ളിക്കളഞ്ഞതാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടാണെന്നും കൃഷ്ണദാസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*