എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വെള്ളാപ്പളളി നടേശനെതിരെ ആത്മഹത്യ പ്രേരണ, അഴിമതി എന്നീ ആരോപണങ്ങളും കേസുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ശ്രീനാരായണ ധര്‍മ പ്രബോധന ട്രസ്റ്റാണ് ഹര്‍ജിക്കാര്‍. വെള്ളാപ്പള്ളിയുടെ പത്മപുരസ്‌കാരത്തില്‍ തുടര്‍നടപടികള്‍ തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു. പത്മ പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ രൂപരേഖയുണ്ട്. ഇത്തരം കേസുകള്‍ വന്നപ്പോള്‍ തന്നെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പ്രഖ്യാപിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

മാരാരിക്കുളത്ത് ഒരാള്‍ ആത്മഹത്യ ചെയ്ത കേസില്‍ വെളളാപ്പള്ളി നടേശന്‍ നാലാം പ്രതിയാണ്. അതുപോലെ വിജിലന്‍സ് അന്വേഷിക്കുന്ന നിരവധി കേസുകളില്‍ അദ്ദേഹം പ്രതിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു പശ്ചാത്തലമുളള ഒരാളുടെ കാര്യം പരിശോധിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ പത്മഭൂഷണ്‍ നല്‍കാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതിയിലുള്ള ബെഞ്ച് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*