ലോക്സഭയില്‍ തനിക്ക് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചര്‍ച്ചകളെ പ്രധാനമന്ത്രി ഭയക്കുന്നുവെന്ന് പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ കുറ്റപ്പെടുത്തി.
ചര്‍ച്ചകള്‍ നടക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ നീക്കമുണ്ടായെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഈ ഗുരുതരമായ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ത് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍, ബജറ്റ്, നരവനെയുടെ പുസ്തകം തുടങ്ങി സുപ്രധാന വിഷയങ്ങളില്‍ തങ്ങള്‍ ചോദിക്കാനിരിക്കുന്ന ചോദ്യങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നു. പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് വരാത്തത് അദ്ദേഹം ചോദ്യങ്ങളെ ഭയക്കുന്നതുകൊണ്ടാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ കടുത്ത പ്രതിഷേധമാണ് നടന്നത്. സ്പീക്കര്‍ ഓം ബിര്‍ളയുമായി സംസാരിച്ചപ്പോള്‍, തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാഹുലിന്റെ വാദം ചെയറും, പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജുവും തള്ളുകയായിരുന്നു.
പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തി. ഏകപക്ഷീയമായി പെരുമാറുന്നെന്ന് ആരോപിച്ച് സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്കാന് കോണ്‍ഗ്രസ് ഒപ്പുശേഖരണം ആരംഭിച്ചു.



Be the first to comment