‘ഇന്ത്യയുടെ തീരുമാനങ്ങൾ ട്രംപ് പറയുന്നു’; നരേന്ദ്ര മോദിക്ക് ഭയമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയമെന്ന് രാഹുൽ ഗാന്ധി. അവഗണന നേരിട്ടിട്ടും നരേന്ദ്ര മോദി ട്രംപിനെ നിരന്തരം അഭിനന്ദിക്കുന്നു. ഇന്ത്യയുടെ തീരുമാനങ്ങൾ ട്രംപ് പറയുന്നുവെന്നും രാഹുൽ ഗാന്ധിയുടെ വിമർശനം. അമേരിക്കയിലേക്കുള്ള ധനകാര്യമന്ത്രിയുടെ പര്യടനം റദ്ദാക്കി. മോദി ഗാസ സമാധാന ഉച്ചകോടി ഒഴിവാക്കിയതും ഇക്കാര്യങ്ങൾ കൊണ്ടെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

അതിനിടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെയും അതു തന്നെ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കയറ്റുമതി ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്. “ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല, റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നൽകി,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി നമ്മൾ ചൈനയെയും അതേ കാര്യം ചെയ്യാൻ പ്രേരിപ്പിക്കും” ട്രംപ് കൂട്ടിച്ചേർ‌ത്തു.

ഇന്ത്യയ്ക്ക് കയറ്റുമതി “ഉടനടി” നിർത്താൻ കഴിയില്ലെന്നും ഇത് “ഒരു ചെറിയ പ്രക്രിയയാണ്, പക്ഷേ ആ പ്രക്രിയ ഉടൻ അവസാനിക്കും” എന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാമർശത്തിൽ ഇന്ത്യയുടെ പ്രതികരണം വന്നിട്ടില്ല.റഷ്യ എണ്ണ വാങ്ങുന്നതിനുള്ള പ്രതികാര നടപടിയായാണ് ഇന്ത്യയ്ക്കുമേൽ അമേരിക്ക കഴിഞ്ഞ ഓഗസ്റ്റിൽ അധികതീരുവ ചുമത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*