
പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനാവിഭാഗങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി. തിരിച്ചടിയുടെ രീതി, ലക്ഷ്യം, സമയം എന്നിവ സേനാ വിഭാഗങ്ങൾക്ക് തീരുമാനിക്കാം. സേനാ വിഭാഗങ്ങളുടെ തയ്യാറെടുപ്പുകളിലും മികവിലും പൂർണ്ണതൃപ്തനെന്നും വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
വൈകിട്ട് ആറുമണിയോടെയാണ് പ്രതിരോധ മന്ത്രിയും സംയുക്തസേന മേധാവിയുടെ നേതൃത്വത്തിൽ കര വ്യോമ നാവിക സേനാ മേധാവിമാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച. തിരിച്ചടി ദേശീയ ദൃഢനിശ്ചയമാണെന്ന് നരേന്ദ്ര മോദി സേനാ മേധാവിമാരോട് പറഞ്ഞു. അത് എപ്പോൾ എവിടെ എങ്ങനെ വേണമെന്ന് സൈന്യത്തിന് തീരുമാനിക്കാം. സൈന്യത്തിൻറെ മികവിൽ പൂർണ്ണ തൃപ്തിയും മോദി അറിയിച്ചു.
അതിർത്തിയിൽ പാക്കിസ്ഥാൻ തുടരുന്ന പ്രകോപനവും ഇന്ത്യൻ സേന നടത്തിയ തയ്യാറെടുപ്പും സേന മേധാവിമാർ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. യോഗത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആഭ്യന്തരമന്ത്രി അമിത് ഷായും എത്തി. ആർഎസ്എസ് തലവൻ മോഹൻ ഭഗവതും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ മുതൽ തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ നടക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിലും സേന മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും യോഗം ചേർന്നിരുന്നു.
നാളെ രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടുമൊരിക്കൽ കൂടി ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിസഭ യോഗം ചേരും. പഹൽഗാം ആക്രമണത്തിനു ശേഷമുള്ള രണ്ടാമത്തെ യോഗമാണ്. ശേഷം ധനകാര്യ സാമ്പത്തിക കാര്യാ മന്ത്രിസഭായോഗങ്ങളും ചേരും. പാക്കിസ്ഥാൻ എതിരായ അടുത്ത നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ നാളെ വിശദീകരിച്ചേക്കും. ജമ്മു കാശ്മീരിലെ കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്നൂരിലും പാക്ക് പോസ്റ്റുകളിൽ നിന്ന് ഇന്നും വെടിവെപ്പുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.രാജ്യത്തെ വെബ്സൈറ്റുകൾക്ക് നേരെ പാക്കിസ്ഥാൻ ഹാക്കർമാർ ഇന്നും ഹാക്കിംഗ് ശ്രമം നടത്തി . പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ ഇന്ത്യ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തും. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ മേഖലയിലേക്ക് അനുമതി നിഷേധിക്കും. ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് പാക് കപ്പലുകൾക്ക് നിരോധനവും ഏർപ്പെടുത്തിയേക്കും. അതിർത്തി കടന്നെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്ഥാൻ വിട്ടു നൽകിയിട്ടില്ല.
Be the first to comment