ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഗുജറാത്ത് സന്ദർശനം; വഡോദരയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഗുജറാത്തിൽ എത്തി. തുടർന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെ വഡോദരയിൽ ഒരു റോഡ് ഷോയും നടത്തി. ദാഹോദ്, ഭുജ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും 82,950 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ വഡോദര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ബിജെപി പ്രവർത്തകർ സ്വീകരണം നൽകി. വ്യോമസേനാ സ്റ്റേഷൻ വരെ ഒരു കിലോമീറ്റർ റോഡ് ഷോയും നടത്തി.പാകിസ്താനെതിരായ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വിജയിപ്പിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കാൻ പാതയുടെ ഇരുവശത്തും ആളുകൾ തടിച്ചുകൂടി.

പ്രധാനമന്ത്രി ആദ്യം ദാഹോദ് സന്ദർശിക്കും, അവിടെ അദ്ദേഹം ലോക്കോ മാനുഫാക്ചറിംഗ് ഷോപ്പ്-റോളിംഗ് സ്റ്റോക്ക് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം, ദാഹോദിലെ ഖരോദിൽ അദ്ദേഹം പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയും 24,000 കോടി രൂപയുടെ റെയിൽവേയ്ക്കും മറ്റ് സർക്കാർ പദ്ധതികൾക്കും തറക്കല്ലിടുകയും ചെയ്യും.

സോമനാഥ്-അഹമ്മദാബാദ് വന്ദേ ഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി, ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ 21,000 കോടിയിലധികം രൂപ ചെലവിൽ സ്ഥാപിച്ച ദാഹോദിലെ റെയിൽവേ ഉൽപ്പാദന യൂണിറ്റ് ഉദ്ഘാടനം ചെയ്യും.

181 കോടി രൂപ ചെലവിൽ നിർമ്മിച്ച നാല് ജലവിതരണ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. മഹിസാഗർ, ദാഹോദ് ജില്ലകളിലെ 193 ഗ്രാമങ്ങളിലും ഒരു പട്ടണത്തിലുമായി 4.62 ലക്ഷം ജനങ്ങൾക്ക് പ്രതിദിനം 100 ലിറ്റർ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതികളാണിത്.

ഈ പരിപാടികൾക്ക് ശേഷം, പ്രധാനമന്ത്രി മോദി ഭുജ് സന്ദർശിക്കും, അവിടെ അദ്ദേഹം 53,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. കണ്ട്ല തുറമുഖത്തിലെ അടിസ്ഥാന സൗകര്യ പദ്ധതികൾ, സൗരോർജ്ജ പ്ലാന്റുകൾ, വൈദ്യുതി പ്രസരണ സംവിധാനങ്ങൾ, റോഡ് നിർമ്മാണം എന്നിവ ഇതിൽ ഉൾപ്പെടും.

Be the first to comment

Leave a Reply

Your email address will not be published.


*