ഷാങ്ഹായ് ഉച്ചകോടി; ‘സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദം, ഒന്നിച്ച് പോരാടണം’; പ്രധാനമന്ത്രി

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദം വിഷയമായി ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് ഉച്ചകോടിയിൽ സംസാരിക്കവേ മോദി പറഞ്ഞു. ഭീകരവാദത്തിന് എതിരെ ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പഹൽ​ഗാം ഭീകരാക്രമണവും ഉച്ചകോടിയിൽ അദേഹം ചൂണ്ടിക്കാണിച്ചു. പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നാല് ദശാബ്ദമായി ഇന്ത്യ ഭീകരവാദത്തെ നേരിടുന്നു. ഭീകരവാദം ഇപ്പോഴും പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇന്ത്യ വിശ്വാസത്തിലും വികസനത്തിലും വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഭീകരവാദ ധനസഹായവും ഭീകരവാദവൽക്കരണവും നേരിടുന്നതിന് എസ്‌സി‌ഒ-വ്യാപകമായ സമഗ്ര ചട്ടക്കൂട് വേണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഉച്ചകോടിയിൽ പാകിസ്താനെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ചില രാജ്യങ്ങൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സാന്നിധ്യത്തിലാണ് മോദിയുടെ വിമർശനം. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്നതിന് സുഹൃത്തുക്കൾക്ക് നന്ദിയെന്ന് മോദി പറഞ്ഞു. ഭീകര വാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് അദേഹം ആവശ്യപ്പെട്ടു.

ചാബഹാർ തുറമുഖത്തെ ക്കുറിച്ചും അന്താരാഷ്ട്ര വടക്ക്-പടിഞ്ഞാറൻ ഗതാഗത ഇടനാഴിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കണക്റ്റിവിറ്റി പദ്ധതികൾ പരമാധികാരത്തെ മാനിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. പരമാധികാരത്തെ മറികടക്കുന്ന കണക്റ്റിവിറ്റി വിശ്വാസവും അർത്ഥവും നഷ്ടപ്പെടുത്തുന്നുവെന്നും ഐക്യരാഷ്ട്രസഭയിൽ പരിഷ്കാരങ്ങൾ വേണമെന്ന് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*