പി എം ശ്രീ പദ്ധതിക്കെതിരെ സിപിഐയും കേരള ശാസ്ത്ര സാഹിത്യ പരിഷതും എതിര്‍പ്പുകളുമായി രംഗത്തെത്തിയതോടെ പ്രതിരോധത്തിലായി സിപിഐഎം. ഇടത് നയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഐ. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ സാമ്പത്തിക ഭീഷണി മുഴക്കി അടിച്ചേല്‍പ്പിക്കുന്ന പിഎംശ്രീ പദ്ധതി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്. ഇടത് നയം പിന്തുടരുന്ന ശാസ്ത്ര സാഹിത്യ പരിഷത്തും സിപിഐയും പിഎംശ്രീ പദ്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നത് സിപിഐഎമ്മിനേ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്.
സിപിഐ എതിര്‍പ്പുമായി എത്തിയതോടെ പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എല്‍ ഡി എഫിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കയാണ്. പി എം ശ്രീ പദ്ധതി നടപ്പാക്കാന്‍ ഒരുകാരണവശാലും സമ്മതിക്കില്ലെന്ന വ്യക്തമായ നിലപാടാണ് ഇന്ന് ചേര്‍ന്ന സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പി എം ശ്രീയിലുള്ള അഭിപ്രായഭിന്നത മാധ്യമങ്ങളുമായി പങ്കുവെച്ചതും ഇടത് കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. സിപിഐയെക്കുറിച്ചുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടും സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കയാണ്. ” എന്ത് സി പി ഐ” എന്ന എം വി ഗോവിന്ദന്റെ ചോദ്യം അരാഷ്ട്രീയമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആരോപണം. അദ്ദേഹം അങ്ങനെ പറയാന്‍ സാധ്യതയില്ലെന്നും, അങ്ങിനെ പറഞ്ഞെങ്കില്‍ അത് അരാഷ്ട്രീയമാണെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ വിദ്യാഭ്യാസ വകുപ്പ് പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത യഥാര്‍ത്ഥത്തില്‍ സി പി ഐയേയും പ്രതിരോധത്തിലാക്കിയിരിക്കയാണ്. മുന്നണി ഭരണത്തില്‍ ഒരു കക്ഷി നയപരമായ തീരുമാനം പ്രഖ്യാപിക്കുകയും രണ്ടാം കക്ഷിയുമായി ചര്‍ച്ച നടത്താതെ തീരുമാനവുമായി മുന്നോട്ടു പോവുമെന്ന പ്രഖ്യാപനം നടത്തിയതും രാഷ്ട്രീയ പക്വതയില്ലായ്മയാണെന്നും, മുന്നമി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നുമാണ് സി പി ഐയുടെ നിലപാട്.
തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു പ്രഖ്യാപനം എന്ത് അടിസ്ഥാനത്തിലാണെന്നാണ് സി പി ഐയുടെ ചോദ്യം. മുന്നണിയില്‍ രണ്ടാം കക്ഷിയായ സി പി ഐയെ വിശ്വാസത്തിലെടുക്കാതെ ഒരു സുപ്രഭാതത്തില്‍ വിരുദ്ധമായൊരു നയം സ്വീകരിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്നാണ് സി പി ഐയുടെ നിലപാട്.
എന്ത് സമ്മര്‍ദം ഉണ്ടായാലും പി എം ശ്രീ പി എം ശ്രീ പദ്ധതിയില്‍ ഒരുകാരണവശാലും ഒപ്പിടില്ലെന്ന നിലപാട് പ്രഖ്യാപിച്ച ഇടതു സര്‍ക്കാര്‍ വളരെ നാടകീയമായാണ് തീരുമാനത്തില്‍ നിന്നും പിറകോട്ടുപോവുന്നതായി പ്രഖ്യാപിച്ചത്. ഇതാണ് സി പി ഐ നേതൃത്തെ ആശങ്കയിലാക്കുന്നതും.
പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടാന്‍ പോവുന്ന വിവരം മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് തങ്ങള്‍ അറിഞ്ഞതെന്നും, എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്നും സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ ചോദ്യമുയര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയോ, മറ്റു സി പി എം മന്ത്രിമാരോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
സി പി ഐ യെ അവഹേളിച്ച സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് ബിനോയ് വിശ്വം മാധ്യങ്ങളെ അറിയിച്ചത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തള്ളി സി പി ഐ എം ജന.സെക്രട്ടരി എം എ ബേബി രംഗത്തെത്തിയെങ്കിലും സി പി എം സംസ്ഥാന നേതൃത്വം പി എം ശ്രീ വിഷയത്തില്‍ മൗനത്തിലാണ്. സി പി ഐയുടെ എതിര്‍പ്പിനെ തള്ളി സര്‍ക്കാര്‍ പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോവുമെന്ന വ്യക്തമായ സൂചനയാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി നല്‍കിയത്. സി പി ഐ മന്ത്രിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചാലും അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പദ്ധതിയില്‍ ഒപ്പിടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
പദ്ധതിയില്‍ ഒപ്പിടാതെ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കാനുള്ള ഫണ്ട് ലഭിക്കില്ലെന്നും, പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാലും കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമാണ് സി പി എം വ്യക്തമാക്കുന്നത്. കോടികള്‍ നഷ്ടപ്പെടുത്തുന്നത് കേന്ദ്ര ഫണ്ട് നഷ്ടമാക്കാനേ ഉപകരിക്കൂവെന്നും, ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കേണ്ട തുക നഷ്ടമാവാനേ ഉപകരിക്കൂ എന്നുമാണ് സി പി ഐ എം കേന്ദ്രങ്ങളുടെ നിലപാട്. എന്നാല്‍ പി എം ശ്രീ പദ്ധതിയെ ശക്തമായി എതിര്‍ക്കാനാണ് സി പി ഐ ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതിയോഗം തീരുമാനിച്ചിരിക്കുന്നത്. പിന്നോട്ടില്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രതികരണം എല്‍ ഡി എഫില്‍ വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കയാണ്. തദ്ദേശ തിരഞ്ഞെടു പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ സി പി ഐ- സി പി ഐ എം ബന്ധം വഷളാവാനുള്ള സാധ്യതയും ഏറിയിരിക്കയാണ്.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് സി പി ഐ യുടെ ശക്തമായ വാദം. പദ്ധതിയില്‍ ഒപ്പിടില്ലെന്ന നിലപാട് തുടരണമെന്ന് സി പി ഐ ആവര്‍ത്തിക്കുകയാണ്. പദ്ധതിയിലൂടെ ലഭ്യമാവുന്ന പണം സ്വീകരിക്കുകയും അത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കായി ഉപയോഗപ്പെടുത്തുകയെന്നതുമാണ് സി പി ഐ എമ്മിന്റെ നിലപാടെന്നാണ് സി പി ഐ എം അണികളിലേക്ക് പകരുന്നത്. പി എം ശ്രീ വിഷയത്തില്‍ സി പി ഐയും സിപി ഐ എമ്മും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് വഴിമാറിയതോടെ ഇത് എങ്ങിനെ പരിഹരിക്കാമെന്ന ആലോചനയിലാണ് ഇടത് നേതൃത്വം.
പി എം ശ്രീ ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ഉറച്ച നിലപാടിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ഫെഡറല്‍ സംവിധാനത്തെ തകിടം മറിക്കുന്ന ഒരു പദ്ധതിയാണിതെന്ന നിലപാട് ആവര്‍ത്തിക്കയാണ് ഇവര്‍. സിപിഐയേയും കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിനേയും ഒപ്പം നിര്‍ത്തി വിഷയം രമ്യമായി പരിഹരിക്കാനുള്ള നീക്കത്തിലാണ് സിപിഎം.



Be the first to comment