പിഎം ശ്രീയില്‍ ഒപ്പിട്ടതിനു പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിനോയ് വിശ്വം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതരാരോപണം. മുന്നണി മര്യാദകള്‍ സിപിഐഎം ലംഘിച്ചുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ഇതിന് ഒരു നീതീകരണവുമില്ലെന്നാണ് പരാമര്‍ശം. ധാരണ പത്രം ഒപ്പിട്ടതിലൂടെ എല്‍ഡിഎഫിന്റെ കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം ദുര്‍ബലപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ സിപിഐ കടുത്ത നിലപാട് സ്വീകരിക്കുമോ എന്ന് ഉടനറിയാം. സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. മന്ത്രിമാരെ രാജിവെപ്പിച്ച് പുറമെ നിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന അഭിപ്രായം സിപിഐയ്ക്കുള്ളില്‍ ശക്തമാണ്. ദേശീയതലത്തില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്താനുള്ള ആലോചനയുമുണ്ട്.
പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് യോഗവും ചേരുകയാണ്. സര്‍ക്കാര്‍ തീരുമാനത്തോടുള്ള കടുത്ത അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റേയും മന്ത്രി ജി ആര്‍ അനിലിന്റേയും പ്രതികരണം. ഇടതുപക്ഷ ജനാധിപത്യമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചിരുന്നു. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിയെടുത്ത തീരുമാനമെന്ന് ജി ആര്‍ അനിലും ആഞ്ഞടിച്ചു.
അതേസമയം, സിപിഐയുടെ എതിര്‍പ്പിന് വഴങ്ങാതെ പിഎം ശ്രീ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. പദ്ധതിയില്‍ ഉള്‍പ്പെടേണ്ട സ്‌കൂളുകളുടെ ആദ്യപട്ടിക ഇന്ന് കേന്ദ്രത്തിന് കൈമാറും. തലയില്‍ മുണ്ടിട്ട് പോയി ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനമെന്ന് പി.സന്തോഷ് കുമാര്‍ എംപി വിമര്‍ശിച്ചു. അപമാനിക്കപ്പെട്ടോ എന്ന ചോദ്യത്തിന് അപമാനിക്കപ്പെട്ടത് സിപിഐഎം ജനറല്‍ സെക്രട്ടറിയെന്നാണ് കെ പ്രകാശ് ബാബുവിന്റെ മറുപടി. നാണംകെട്ട് മുന്നണിയില്‍ തുടരണോ എന്ന് സിപിഐ തീരുമാനിക്കട്ടെയെന്ന് വി.ഡി സതീശന്‍ പറഞ്ഞു.



Be the first to comment