പിഎം ശ്രീ പദ്ധതി വിവാദം: സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതിയില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി; ജനറല്‍ സെക്രട്ടറി എം എ ബേബി

പിഎം ശ്രീ പദ്ധതി വിവാദം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതിയില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. വിവാദം കത്തിപ്പടരുമ്പോള്‍ സംസ്ഥാന സെക്രട്ടറി മണ്ഡലത്തിലെ പരിപാടിക്ക് പോയെന്നും, കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് മടങ്ങി വന്നതെന്നുമാണ് വിമര്‍ശനം. മുന്നണിയെ ബാധിക്കുന്ന രാഷ്ട്രീയ പ്രശ്‌നമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും കേന്ദ്ര നേതൃത്വത്തിന് അഭിപ്രായമുണ്ട്. ഓരോ നേതാക്കളുടെയും പങ്കാളിത്തതിന്റെ കണക്ക് നോക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ പ്രതികരണം.

നിലവില്‍ പ്രശ്‌നപരിഹാരത്തിലുള്ള നടപടികള്‍ നടക്കുകയാണെന്നും അതിനിടയില്‍ ഓരോ നേതാക്കളുടെയും പങ്കാളിത്തത്തിന്റെയും ജാഗ്രതയുടെയും അളവ് സെന്റീമീറ്റര്‍ കണക്കിന് നോക്കേണ്ട ആവശ്യമില്ലെന്നും എംഎ ബേബി പറഞ്ഞു. നന്നായി പര്യവസാനിച്ചത് എല്ലാവര്‍ക്കും നല്ലത്. ഗോവിന്ദന്‍ മാഷിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും പരാമര്‍ശങ്ങളെ പറ്റി അവര്‍ തന്നെ വിശദീകരിച്ചു. വിഷയം കേരളത്തിലെ മന്ത്രിസഭ ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ വിശദീകരിച്ചു. ധാരണാപത്രത്തില്‍ വ്യക്തത വരുത്താനായി ക്യാബിനറ്റ് ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി പരിശോധിക്കുന്ന ഘട്ടത്തില്‍ പിഎം ശ്രീ യുമായി ബന്ധപ്പെട്ട യാതൊരു അനന്തര നടപടികളും ഉണ്ടാകില്ല – അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ വിഷയത്തില്‍ എംഎ ബേബി വിമര്‍ശിച്ചു. ചില മാധ്യമങ്ങള്‍ മനക്കോട്ട കെട്ടി. എല്‍ഡിഎഫ് മുന്നണി ദുര്‍ബലപ്പെടും എന്ന് കരുതി – അദ്ദേഹം പറഞ്ഞു.

സിപിഐയുടെയും സിപിഎമ്മിന്റെയും സംസ്ഥാന നേതൃത്വവും വിഷയത്തില്‍ മുഖ്യപങ്ക് വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അതിനെ സഹായിക്കുന്ന നടപടിയാണ് ഇരുപാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വവും സ്വീകരിച്ചത്. സിപിഐയുടെ സഖാക്കള്‍ തനിക്ക് സഹോദരരെ പോലെ – അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. അതിലൊന്നും ഒരു പ്രസക്തിയും ഇല്ല. വിഡി സതീശന് ഇത് വീണു കിട്ടിയ സൗഭാഗ്യം. കാരണം ഹൈക്കമാന്‍ഡ് അദ്ദേഹത്തോട് എന്തൊക്കെയോ പറഞ്ഞു എന്ന് മാധ്യമങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യുന്നു.. അതെല്ലാം ചര്‍ച്ചചെയ്ത് വിഡി സതീശനും കോണ്‍ഗ്രസും പരിഹരിക്കട്ടെ – അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*