പിഎംശ്രീ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐഎമ്മും -സിപിഐയും. എം എൻ സ്മാരകത്തിലെത്തി മന്ത്രി വി ശിവൻ കുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇരുകൂട്ടരും അവരുടെ നിലപാടിൽ ഉറച്ച് നിന്നു. പിഎം ശ്രീ പറ്റില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. കരാറിൽ ഒപ്പുവെക്കാനുള്ള സാഹചര്യം മന്ത്രി ശിവൻകുട്ടി വിശദീകരിച്ചു. പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും ചർച്ചയിലെ കാര്യങ്ങൾ വെളിപ്പെടുത്താനില്ലെന്നും വിദ്യാഭ്യാസമന്ത്രി ചർച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിക്കുകയാണ് സിപിഐ മന്ത്രിമാർ. ധാരണാപത്രത്തിൽ ഒപ്പിടാനുള്ള കാരണം വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കണമെന്ന് മന്ത്രി ജിആർ അനിലും, പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുടെ ആവശ്യം പരിഗണിച്ചേ മതിയാകൂവെന്ന് മന്ത്രി ജെ ചിഞ്ചു റാണിയും ആവശ്യപ്പെട്ടു. പദ്ധതിയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി എല്ലാം കൃത്യം ആയി പറഞ്ഞുവെന്നായിരുന്നു മന്ത്രി വിഎൻ വാസവന്റെ പ്രതികരണം.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും വിഷയം ചർച്ചയായി. നയത്തിൽ വിട്ടുവീഴ്ച ചെയ്തത് ന്യായീകരിക്കാൻ ആകില്ലെന്നും, ചർച്ചയിലൂടെ ബോധ്യപ്പെടുത്താൻ കഴിയുന്നതല്ല വിഷയമെന്നുമാണ് ദേശീയ എക്സിക്യൂട്ടീവിൽ ഉയർന്ന നിലപാട്. പദ്ധതിയിൽ നിന്നും പിന്മാറുക അല്ലാതെ മറ്റൊരു രാഷ്ട്രീയ പരിഹാരം ഇല്ലെന്നാണ് സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ പൊതുവികാരം
.


Be the first to comment