എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പോലീസ് മർദിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി. കർശന നടപടി എടുക്കണമെന്നും കേസിന്റെ പുരോഗതി അറിയിക്കണമെന്നും മുഖ്യമന്ത്രി DGP ക്ക് നിർദേശം നൽകി.
നോർത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോൾ എൻ. ജെ എന്ന സ്ത്രീയെ മുഖത്തടിച്ചത്. ഇവരെ ക്രൂരമായി മർദിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. 2024 ൽ നോർത്ത് പോലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഹൈക്കോടതി നിർദേശപ്രകാരമാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്. പോലീസ് പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മർദിക്കുന്നത് യുവതിയുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു. മഫ്തിയിലെത്തിയ പോലീസ് ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിന്നാലെയാണ് യുവാവിന്‍റെ ഭാര്യ സ്റ്റേഷനിലെത്തിയത്. ഭർത്താവിനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്ന് പറഞ്ഞ് ബഹളം വെച്ച യുവതിയെ എസ്.ഐ പ്രതാപചന്ദ്രൻ മർദിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വനിത പോലീസുകാർ ഉൾപ്പെടെ സമീപത്തുണ്ടായിരുന്നു. നിലവിൽ അരൂർ സ്റ്റേഷനിലാണ് പ്രതാപ ചന്ദ്രൻ ജോലി ചെയ്യുന്നത്. ഒരു വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങൾ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു.



Be the first to comment