മുൻ SFI ജില്ലാ സെക്രട്ടറിയെ മർദിച്ച സംഭവം; CI മധു ബാബു സ്ഥിരം കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥൻ; അന്വേഷണ റിപ്പോർട്ട് പുറത്ത്

എസ്.എഫ് .ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി മെമ്പറും കോന്നി ഏരിയ സെക്രട്ടറിയുമായ നേതാവിനെ മർദിച്ച സംഭവത്തിൽ കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത്. മധു ബാബു സ്ഥിരമായി കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥനെന്നും ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നുമാണ് റിപ്പോർട്ട്. പത്തനംതിട്ട മുൻ എസ് പി ഹരിശങ്കർ ആണ് റിപ്പോർട്ട് നൽകിയത്.

2016 ലാണ് പത്തനംതിട്ട എസ്പിയായിരുന്ന ഹരിശങ്കർ സംസ്ഥാന പോലീസ് മേധാവിക്ക് കോന്നി എസ്എച്ച്ഒ ആയിരുന്ന മധു ബാബുവിനെതിരെ റിപ്പോർട്ട് സമർപ്പിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ചിൻ്റെ ഉൾപ്പടെയുള്ള വിവരങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു റിപ്പോർട്ട് നൽകിയത്. പരാതിക്കാരനായ മുൻ എസ്എഫ്ഐ ജില്ലാ നേതാവ് ജയകൃഷ്ണൻ്റെ മുഖത്തും മറ്റും പരുക്കേറ്റതായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു.

മാത്രമല്ല മർദനത്തിന് ശേഷം പരാതിക്കാരൻ കുറച്ചു നാൾ തൃപ്പൂണിത്തറ ഗവ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടുകയും മധുബാബുവിനെയും, ഗോപകുമാറിനെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനായി പരാതിക്കാരൻ നൽകിയ അപേക്ഷ അഡി. ചീഫ് സെക്രട്ടറി നിരസിച്ചിരുന്നു. മധുബാബുവിനും, ഗോപ കുമാറിനുമെതിരെ പത്തനംതിട്ട ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുള്ളതും ഇപ്പോഴും കോടതിയുടെ പരിഗണനയിലുമാണ്. കേസിൻ്റെ അന്വേഷണത്തിൽ എതിർകക്ഷികൾ പരാതിക്കാരനെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതായി വ്യക്തമാണ്. ആയതിനാൽ കോന്നി പോലീസ് ഇൻസ്പെക്ടരായിരുന്ന മധുബാബുവിൻ്റെയും ഗോപകുമാരിൻ്റെയും (റിട്ടയേർഡ് ) മേൽ വിവരിച്ച പ്രവൃത്തി അതീവഗുരുതരമായ അധികാര ദുർവിനിയോഗവും അച്ചടക്ക ലംഘനവും പോലീസ് സേനയുടെ സൽപ്പേരിന് തന്നെ കളങ്കവുമാണെന്നും ഇരുവർക്കുമെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

അതേസമയം, അന്നത്തെ കോന്നി സി ഐയുടെ നേതൃത്വത്തിൽ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ജയകൃഷ്ണൻ്റെ ആരോപണം. ലാത്തി അടിയേറ്റ മുറിവുകളിൽ പെപ്പെർ സ്പ്രേ അടിച്ചുവെന്നും ചെവിയുടെ ഡയഫ്രം അടിച്ചു പൊട്ടിച്ചുവെന്നും ജയകൃഷ്ണൻ പറയുന്നു. മർദന ശേഷം 6 മാസത്തോളം കോട്ടയം മെഡിക്കൽ കോളജിൽ ജയകൃഷ്ണൻ ചികിത്സയിൽ കഴിഞ്ഞു. നിലവിൽ ആലപ്പുഴ ഡി വൈ എസ് പിയാണ് മധു ബാബു. കസ്റ്റഡി മർദനത്തിൽ നീതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജയകൃഷ്ണൻ.

Be the first to comment

Leave a Reply

Your email address will not be published.


*