തിരുവനന്തപുരം : ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടു എന്നാരോപിച്ച് ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി സ്വദേശി അനന്തു അജിയുടെ (24) മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. അനന്തു ആത്മഹത്യക്കുറിപ്പില്‍ ആരോപണം ഉന്നയിച്ച എന്‍എം ആരെന്ന് പൊലീസ് കണ്ടെത്തിയതായി സൂചന.
അനന്തുവിന്റെ അടുത്ത രണ്ടു ബന്ധുക്കളും സുഹൃത്തുക്കളും ഇതു സംബന്ധിച്ചു പൊലീസിന് വിശദമായ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. തെളിവുകളും കൂടുതല്‍ പേരുടെ മൊഴികളും ശേഖരിച്ചശേഷം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതിനു മുന്‍പ് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് കമ്മിഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്ക വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷമായിരുന്നു ആത്മഹത്യ.



Be the first to comment