വടകര എംപി ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്.
സുരേഷ് ബാബുവിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി സതീശന്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാനാവില്ലെന്ന് പാലക്കാട് നോര്‍ത്ത് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പാലക്കാട് നോര്‍ത്ത് സിഐ പാലക്കാട് എഎസ്പിക്ക് നല്‍കി. നേരിട്ടുള്ള പരാതി അല്ലാത്തതിനാല്‍ ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നിലനില്‍ക്കില്ലെന്നാണ് നോര്‍ത്തി സിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
തനിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞിരുന്നെങ്കിലും പരാതി നല്‍കിയിരുന്നില്ല. അതേസമയം, ഷാഫി പറമ്പിലിനെതിരായ പരാമര്‍ശത്തില്‍ തന്നെ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ഇ എന്‍ സുരേഷ് ബാബു വ്യക്തമാക്കിയിരുന്നു. ആരെങ്കിലും പറഞ്ഞത് കേട്ട് പറഞ്ഞതല്ലെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. വ്യക്തിപരമായി ഉയരുന്ന അശ്ലീലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഐഎമ്മിന് താല്‍പര്യമില്ലെന്നും വ്യക്തത ഉണ്ടെങ്കില്‍ മാത്രമെ തങ്ങള്‍ കാര്യങ്ങള്‍ പറയാറുള്ളൂ എന്നും സുരേഷ് ബാബു വ്യക്തമാക്കി. ആരെങ്കിലും പറയുന്നത് കേട്ട് എന്തെങ്കിലും പറയുന്നവരല്ല സിപിഐഎം എന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.



Be the first to comment