‘നയപ്രഖ്യാപന വിവാദം അനാവശ്യവും അടിസ്ഥാനരഹിതവും’ ; വിശദീകരണവുമായി ലോക്ഭവൻ

ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ. വിവാദം അനാവശ്യവും അടിസ്ഥാനരഹിതവുമാണ്. അര്‍ധ സത്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് ലോക്ഭവന്റെ പ്രതികരണം. ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു ഇതിന് സർക്കാരിന്റെ പ്രതികരണമെന്നും ലോക്ഭവൻ വിശദീകരിച്ചു.

ലോക്ഭവൻ നിര്‍ദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചു തരാമെന്ന സൂചന സർക്കാർ നൽകിയിരുന്നു. എന്നാല്‍, ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതികൾ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കി അയച്ചത്. യാത്ര കഴിഞ്ഞ് കോഴിക്കോട് നിന്നും വൈകി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ താൻ നിര്‍ദേശിച്ചതും, സര്‍ക്കാര്‍ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് രാവിലെ സഭയിൽ വായിച്ചത്.

നിയമസഭ പാസാക്കിയ ബില്ലുകൾ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചുവെന്നും പരമോന്നതകോടതി അത് ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിൽ പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. സുപ്രീംകോടതി അവ ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം . ഈ സാഹചര്യത്തില്‍ കരടിലെ പ്രസ്തുത പരാമര്‍ശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്‍റെ നിലപാട്.

കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നവയാണ് എന്ന പരാമര്‍ശവും കരടിൽ നിന്ന് ഒഴിവാക്കണം എന്ന് ലോക്ഭവൻ നിര്‍ദ്ദേശിച്ചിരുന്നു. പകരം മുന്‍കൂര്‍ തുകകൾ നിഷേധിക്കുന്നതിന്‍റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവൻ നിര്‍ദേശിച്ചിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*