കണ്ണൂർ: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കണ്ണൂർ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എഡിഎം കെ നവീൻ ബാബു മരിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുകയാണ്. 2024 ഒക്ടോബർ 15ന് പുലർച്ചെയാണ് അദ്ദേഹത്തെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്ന എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ പിപി ദിവ്യയിൽ നിന്നുണ്ടായ അപമാനം ആണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം.
എഡിഎമ്മിൻ്റേത് ആത്മഹത്യയാണെന്നും അദ്ദേഹത്തിൻ്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ദിവ്യ നടത്തിയ പ്രസംഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കേസ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി രണ്ടാണ് പരിഗണിക്കുന്നത്. ഏക പ്രതി പിപി ദിവ്യയോട് ഡിസംബർ 16ന് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയും ഇതേ കോടതിയാണ് പരിഗണിക്കുന്നത്. വരാനിരിക്കുന്നത് നിയമ പോരാട്ടത്തിൻ്റെ നാളുകൾ ആണെന്നത് വ്യക്തം. സത്യം കണ്ടെത്തും വരെ പോരാടും എന്നാണ് എഡിഎമ്മിൻ്റെ കുടുംബം പറയുന്നത്.
ആത്മഹത്യയിലേക്ക് നയിച്ച പ്രസംഗം
“കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി കൊടുത്തതിന് അദ്ദേഹത്തോട് പ്രത്യേക നന്ദി പറയാനാണ് ഞാൻ ഇത്ര കഷ്ടപ്പെട്ട് ഈ സമയത്ത് ഈ പരിപാടിയിൽ വന്നത്. കണ്ണൂരിൽ അദ്ദേഹം നടത്തിയത് പോലെ ആയിരിക്കരുത് അദ്ദേഹം പോകുന്ന മറ്റു സ്ഥലത്തും നടത്തേണ്ടത്. ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ. ആ നിമിഷത്തെക്കുറിച്ച് ഓർത്തുകൊണ്ട് നമ്മളെല്ലാവരും കൈയിൽ പേന പിടിക്കണം എന്ന് മാത്രമാണ് ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നത്. വെയ്റ്റ്, വെറും രണ്ടുദിവസം കാത്തിരിക്കണം. ഇത്രമാത്രം പറഞ്ഞുകൊണ്ട് ഞാൻ ഇവിടെ നിന്നിറങ്ങും. മറ്റൊന്നുമല്ല ഉപഹാരം സമർപ്പിക്കുന്ന സമയത്ത് ചടങ്ങിൽ ഞാൻ ഇവിടെ ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിന് പ്രത്യേക കാരണം കൂടിയുണ്ട്. അതിൻ്റെ കാരണം രണ്ടു ദിവസം കൊണ്ട് നിങ്ങളെല്ലാവരും അറിയും. താങ്ക്യൂ…”
അതിവേഗം വളർന്ന പിപി ദിവ്യ വീണത് ഒറ്റ പ്രസംഗത്തിൽ
കേരളം തന്നെ ആളി കത്തിയ കേസിൽ പാർട്ടിയും പൊലീസും താത്കാലികമായി സംരക്ഷണം നൽകിയെങ്കിലും കേസിലെ ഏക പ്രതിയായ പിപി ദിവ്യയെ പിന്നീട് പാർട്ടിയും തള്ളിപ്പറഞ്ഞു. മുൻകൂർ ജാമ്യം ലഭിക്കാതെ വന്നതോടെ പത്തുദിവസം ജയിലിലുമായി. എസ്എഫ്ഐയിലൂടെ വളർന്ന ദിവ്യയുടെ രാഷ്ട്രീയ വളർച്ച വളരെ വേഗമായിരുന്നു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലെത്തി. ജനാധിപത്യ വനിത അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന ദിവ്യ 36 വയസ്സിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ പ്രസിഡൻ്റായത്. അതിനു മുൻപുള്ള ഭരണസമിതിയിൽ വൈസ് പ്രസിഡൻ്റുമായിരുന്നു.
നവീൻ ബാബുവിൻ്റെ മരണം: നാൾവഴികൾ
2024 ഒക്ടോബർ 14: സ്ഥലം മാറിപ്പോകുന്ന എഡിഎം കെ നവീൻ ബാബുവിന് റവന്യൂ സ്റ്റാഫ് കൗൺസിലിൻ്റെ യാത്രയയപ്പ് സമ്മേളന വേദി. വൈകിട്ട് നാലു മണിയോടെ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന പിപി ദിവ്യ ക്ഷണിക്കാതെ എത്തി നവീൻ ബാബുവിനെ അധിക്ഷേപിച്ചു സംസാരിക്കുന്നു. പിന്നാലെ വൈകുന്നേരം 6 മണിയോടെ നവീൻ ബാബു ഔദ്യോഗിക കാറിൽ മുനീശ്വരൻ കോവിലിൽ വന്നിറങ്ങുന്നു. രാത്രി 8.55ന് മലബാർ എക്‌സ്‌പ്രസിലാണ് ചെങ്ങന്നൂരിലേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ ട്രെയിനിനു കയറിയില്ല.
ഒക്ടോബർ 15: നവീൻ ബാബുവിൻ്റെ ഡ്രൈവർ ഷംസുദ്ദീൻ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ രാവിലെ ഏഴിന് എത്തിയപ്പോൾ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നു. വൻ വിവാദങ്ങളുടെ തുടക്കം അവിടെയായിരുന്നു. നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് സംരംഭകൻ ടിവി പ്രശാന്തൻ്റെ മൊഴി.
ഒക്ടോബർ 17: എഡിഎമ്മിൻ്റെ മൃതദേഹം സംസ്കരിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജി.
ഒക്ടോബർ 29: പിപി ദിവ്യ കീഴടങ്ങുന്നു. മുൻകൂർ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തള്ളി. ദിവ്യ ജയിലിലേക്ക്. നവംബർ 7: തെരഞ്ഞെടുക്കപ്പെട്ട പാർട്ടി സ്ഥാനങ്ങളിൽ നിന്നും ദിവ്യയെ സിപിഎം നീക്കി.
നവംബർ 8: ദിവ്യക്ക് ജാമ്യം. 10 ദിവസത്തിന് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാൻ വനിത നേതാക്കൾ ഉൾപ്പെടെ സിപിഎമ്മിൻ്റെ സംസ്ഥാന നേതാക്കൾ.
2025 ജനുവരി 6: സിബിഐ അന്വേഷണം വേണമെന്ന നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയുടെ ആവശ്യം ഹൈക്കോടതി തള്ളുന്നു. മാർച്ച് 13: നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് വിജിലൻസ് സ്‌പെഷ്യൽ സെൽ അന്വേഷണ റിപ്പോർട്ട്.
മാർച്ച് 20: നവീൻ ബാബു കൈക്കൂലി വാങ്ങിയതായി ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർക്ക് മുന്നിൽ പിപി ദിവ്യ പരാതിപ്പെട്ടിട്ടില്ല എന്ന് നിയമസഭയിൽ മന്ത്രി കെ രാജൻ പറയുന്നു.
മാർച്ച് 29: പിപി ദിവ്യക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പ്രത്യേക അന്വേഷണസംഘം കണ്ണൂർ ഒന്നാം ക്ലാസ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി. പ്രതിസ്ഥാനത്ത് ദിവ്യ മാത്രം.
ഏപ്രിൽ 17: സിബിഐ അന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ഹർജി സുപ്രീം കോടതി തള്ളി.
ദിവ്യയുടെ പിന്നാലെ പോയി കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ്
ദിവ്യക്കെതിരെ ആരോപണം കടുത്തതോടെ ഏറ്റവും കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയായ കണ്ണൂർ സ്വദേശി മുഹമ്മദ് ഷമ്മാസ് ആണ്. നിരവധി തവണയാണ് അദ്ദേഹം കയറിയിറങ്ങിയത്. തൻ്റെ അന്വേഷണങ്ങളെ കുറിച്ച് ഷമ്മാസ് ഇടിവി ഭാരതിനോട് പറയുന്നത് ഇങ്ങനെ
2024 ഒക്ടോബർ 18നാണ് താൻ നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മരണത്തിനിടയാക്കിയ സംഭവത്തിലെ ഗൂഢാലോചനയും പിപി ദിവ്യയുടെ ബെനാമി സ്വത്തിടപാടുകളും ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയത്.
2024 ഒക്ടോബർ 30ന് പിപി ദിവ്യയെ സംരക്ഷിക്കുന്നത് പാർട്ടിയാണെന്നും ഗോവിന്ദൻ മാഷ് നേരിട്ട് സംരക്ഷിക്കുന്നുവെന്നും ഇതിൻ്റെ പിന്നിലെ പല കാരണങ്ങൾ, പൊലീസിൻ്റെ വീഴ്ച, പ്രശാന്തനെ സംരക്ഷിക്കുന്നതിനുള്ള നീക്കം, വിജിലൻസിൻ്റെ ഒളിച്ചുകളി തുടങ്ങിയവ വ്യക്തമാക്കി ആദ്യ വാർത്താ സമ്മേളനം നടത്തി.
2025 ജനുവരി 22ന് പിപി ദിവ്യയുടെ ബെനാമി കമ്പനി ‘കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തെക്കുറിച്ചും കമ്പനിക്ക് വഴിവിട്ട് ജില്ലാ പഞ്ചായത്തിൻ്റെ 12 കോടിയിലധികം രൂപയുടെ കരാറുകൾ നൽകിയതിൻ്റെ രേഖകളും ബെനാമി കമ്പനി ഉടമയുമായ മുഹമ്മദ് ആസിഫും പിപി ദിവ്യയുടെ ഭർത്താവ് വിപി അജിത്തും ചേർന്ന് വാങ്ങിയ കണ്ണൂരിലെ പാലക്കയം തട്ടിലെ നാലേക്കറോളം ഭൂമിയുടെ രജിസ്‌ട്രേഷൻ രേഖകളും സഹിതമുള്ള തെളിവുകൾ പുറത്തുവിട്ടെന്നും ഷമ്മാസ് പറയുന്നു.
2025 ജനുവരി 24ന് ജില്ലാ പഞ്ചായത്തിൻ്റെ 11 കോടിയോളം രൂപയുടെ കരാർ പ്രവൃത്തികൾ കണ്ണൂർ ജില്ല നിർമ്മിതി കേന്ദ്ര വഴിയും ബിനാമി കമ്പനി ഉൾപ്പെടെയുള്ളവക്ക് നൽകിയതിൻ്റെ രേഖകൾ പുറത്തുവിടുന്നു. നിർമ്മിതി കേന്ദ്രയുടെ ഗവേണിങ് ബോഡി ചെയർമാൻ ജില്ലാ കലക്ടർ ആണെന്നതും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ ആ ഗവേണിങ് ബോഡി അംഗമാണെന്നതും ചൂണ്ടിക്കാണിക്കുന്നു. എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കുടുംബം ഉൾപ്പെടെ പ്രതിക്കൂട്ടിൽ നിർത്തിയ കലക്ടറുടെ ഒത്താശയോടു കൂടിയുള്ള അഴിമതി തുറന്നു കാട്ടി.
2025 ഫെബ്രുവരി 21ന് തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്ത് നേരിട്ട് എത്തി അഴിമതിയും ബെനാമി ഇടപാടുകളും സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് നേരിട്ട് തെളിവുകൾ സഹിതം പരാതി നൽകി.
അന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ദിവ്യയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രി കെട്ടിട നിർമാണത്തിന് വേണ്ടി സ്വകാര്യ വ്യക്തിയിൽ നിന്നും കോടികൾ മുടക്കി സ്ഥലം വാങ്ങിയതിന് പിന്നിലെ അഴിമതിയുടെ വിശദാംശങ്ങൾ രേഖകൾ സഹിതം പുറത്തുകൊണ്ടുവരുന്നു. പ്രസ്തുത സ്ഥലം സിആർഇസഡ് ലെവൽ 2 വിൽ പെടുന്നതാണെന്നും വഴിയില്ലാത്ത സ്ഥലമാണെന്നും പ്രതിരോധ വകുപ്പിൻ്റെ അനുമതി ആവശ്യമുള്ളതും പുരാവസ്തു വകുപ്പിൻ്റെ അനുമതി ആവശ്യമുള്ളതുമായ സ്ഥലത്ത് നിർമാണ പ്രവർത്തികൾ നടത്താൻ സാധിക്കുന്നതല്ലെന്ന ഓഡിറ്റ് റിപ്പോർട്ടിൻ്റെ രേഖകളും പുറത്തുവിട്ടെന്നും ഷമ്മാസ് പറയുന്നു.
ഇതിനിടയിൽ ദിവ്യയുടേതായി ആകെ രണ്ട് പ്രതികരണങ്ങളാണ് പുറത്തു വന്നതെന്ന് ഷമ്മാസ് വ്യക്തമാക്കുന്നു. ആദ്യത്തേത്. 2025 ജനുവരി 22നായിരുന്നു. താൻ ഉന്നയിച്ചതെല്ലാം വ്യാജ ആരോപണളാണെന്നും തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവകാശപ്പെട്ടുക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റായിരുന്നു അത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞ് ജനുവരി 24ന് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുമായി ദിവ്യ രംഗത്തെത്തി. അഴിമതിയാരോപണത്തിൻ്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തൻ്റെ ഹീറോയെന്നും അതിനാൽ ഒന്നിനും മറുപടിയില്ലെന്നും പറഞ്ഞ് തന്നെ അധിക്ഷേപിച്ചെന്നും ഷമ്മാസ് ഓർക്കുന്നു.
എല്ലാം കഴിഞ്ഞ് ഒടുവിൽ ഇപ്പോൾ
2025 ഓഗസ്റ്റ് 18 : എല്ലാ രേഖകളും തെളിവുകളും സഹിതം പരാതി ഉൾപ്പെടെ നൽകി ആറ് മാസമായിട്ടും പരാതിക്കാരൻ്റെ മൊഴി പോലും എടുക്കാതെ നൽകിയ പരാതിയുടെ തൽസ്ഥിതി പോലും അറിയിക്കാതെ പരാതിയിന്മേൽ സ്വീകരിച്ച തുടർ നടപടികൾ സംബന്ധിച്ച വിവരവകാശ നിയമ പ്രകാരം പോലും ഒരു മറുപടിയും നൽകാതെ വിജിലൻസ് അന്വേഷണം വരെ അട്ടിമറിക്കപ്പെടുമ്പോൾ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് വിജിലൻസിനോട് ഹൈക്കോടതി സർക്കാരിനോടും വിജിലൻസിനോടും മറുപടി നൽകാൻ ആവശ്യപ്പെടുന്നു. വിശദമായ വാദം കേൾക്കാൻ ഹർജി ഓഗസ്റ്റ് 26 ലേക്ക് മാറ്റുന്നു.
ഓഗസ്റ്റ് 26 : ഹർജി വീണ്ടും പരിഗണിച്ചപ്പോൾ പിപി ദിവ്യക്കെതിരെ 17(എ) പ്രകാരം തുടർ നടപടിക്ക് 2025 ജൂലൈ 8 ന് സർക്കാരിനോട് അനുമതി തേടിയതായി വിജിലൻസ് അറിയിച്ചു. തുടർ നടപടിക്കായുള്ള അനുമതി അപേക്ഷയിലെ പുരോഗതി അറിയിക്കാൻ അന്നേ ദിവസം സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
18 സെപ്റ്റംബർ: വീണ്ടും ഹർജി പരിഗണിച്ചപ്പോൾ വിജിലൻസിന് ലഭിച്ച പരാതിയിന്മേലുള്ള തുടർ നടപടിയിലെ സർക്കാർ തീരുമാനത്തിൻ്റെ പുരോഗതി അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ ഒരാഴ്ചത്തേക്ക് ഹർജി വീണ്ടും മാറ്റി വയ്ക്കുന്നു.
25 സെപ്റ്റംബർ: പിപി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിന് എന്ത് കൊണ്ട് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ഹൈക്കോടതി ചോദിക്കുന്നു. വിജിലൻസ് 17(എ) പ്രകാരം സർക്കാരിനോട് അനുമതി തേടിയ കാര്യത്തിൽ രണ്ട് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകുകയും സർക്കാർ തീരുമാനം അനുസരിച്ച് ആവശ്യമെങ്കിൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
എന്നാൽ ദിവ്യക്കെതിരെ കിട്ടിയ പരാതിയിലുള്ള പ്രാഥമിക അന്വേഷണത്തിൽ കോടികളുടെ വൻ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുകയും ഉടൻ കേസെടുത്തു മുന്നോട്ടു പോവാൻ നിർദേശിക്കുകയും ചെയ്ത വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തയെ ഉടൻ അവിടെ നിന്ന് ഫയർഫോഴ്സിലേക്ക് മാറ്റിയതായും ഷമ്മാസ് ആരോപിക്കുന്നു.
പിന്നീട് അതിൻ്റെ പേരിൽ സംസ്ഥാന പൊലീസ് മേധാവിയായി അദ്ദേഹത്തെ പരിഗണിക്കാതിരിക്കാൻ വരെ അത് ഒരു കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർവീസിലേക്ക് മടങ്ങിപ്പോകാൻ വിജിലൻസ് ക്ലിയറൻസ് നൽകാതിരിക്കാൻ സർക്കാർ കഴിയുന്നത്ര ശ്രമിച്ചതായും ഏറ്റവും ഒടുവിൽ ഫയർഫോഴ്സിൽ നിന്ന് റോഡ് സേഫ്റ്റി കമ്മിഷണറായി സ്ഥലം മാറ്റാനും കാരണമായത് ഈ വസ്തുതകളാണെന്നും ഷമ്മാസ് ആരോപിച്ചു.



Be the first to comment