ആഗോള അയ്യപ്പ സംഗമം: രാഷ്ട്രീയ അജണ്ടയെന്ന് യുഡിഎഫില്‍ അഭിപ്രായം; പ്രതിപക്ഷ നേതാവിൻ്റെ മാന്യതയില്ലായ്മയെന്ന് മന്ത്രിയുടെ വിമര്‍ശനം; രാഷ്ട്രീയ വിവാദം പുകയുന്നു

ആഗോള അയ്യപ്പ സംഗമത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം രൂക്ഷമാകുന്നു. ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിൻ്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് യുഡിഎഫില്‍ വിമര്‍ശനം ഉയരുന്നതിനിടെ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി വി എന്‍ വാസവനും രംഗത്തെത്തി. അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനെത്തിയ സംഘാടകരുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്തത് സര്‍ക്കാര്‍ പ്രതിപക്ഷനേതാവിൻ്റെ മര്യാദയില്ലായ്മയായി ചൂണ്ടിക്കാട്ടുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ന് നടക്കുന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഈ പരിപാടി സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമെന്ന വാദം പ്രതിപക്ഷ നേതാവിനും യുഡിഎഫ് കണ്‍വീനര്‍ക്കും ഫലപ്രദമായി അവതരിപ്പിക്കാനാകുമോ എന്നതിലാണ് ആകാംഷ നിലനില്‍ക്കുന്നത്. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്മായി കൂടിക്കാഴ്ച നടത്താത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍  രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സമയം ചോദിച്ചാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ പോയതെന്നും അപ്പോള്‍ പ്രതിപക്ഷ നേതാവ് മാന്യത കാണിക്കണമായിരുന്നുവെന്നും മന്ത്രി വി എന്‍ വാസവന്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിൻ്റെയും യുഡിഎഫ് കണ്‍വീനറുടേയും സംയുക്ത വാര്‍ത്താ സമ്മേളനം രാവിലെ 10.15നാണ് നടക്കുക.

അയ്യപ്പസംഗമത്തില്‍ ആരും രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി  പറഞ്ഞു. രാഷ്ട്രീയ കാഴ്ചപ്പാടോടെ സംസാരിക്കുന്നവരെ ബോധ്യപ്പെടുത്താന്‍ ആകില്ല. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയെയും ജോര്‍ജ് കുര്യനേയും ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*