ഇടുക്കി: തമിഴ്‌നാടിൻ്റെ സാംസ്‌കാരികോത്സവമായ പൊങ്കല്‍ ആഘോഷിച്ച് കേരളവും. തമിഴ് സമൂഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. ഇന്നലെ വര്‍ണാഭമായ രീതിയില്‍ ബോഗി പൊങ്കല്‍ ആഘോഷങ്ങള്‍ നടത്തി. ബോഗിപൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നീ നാല് പ്രധാന ദിവസങ്ങളിലായി വൈവിധ്യമാർന്ന ആചാരാനുഷ്‌ഠാനങ്ങളോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്. നാല് ദിവസം നീണ്ടു നിൽക്കുന്ന പൊങ്കൽ ആഘോഷം 17 നു സമാപിക്കും
ബോഗി പൊങ്കല്‍ ആഘോഷിച്ച് ഇടുക്കിയിലെ തമിഴ് മീഡിയം ഹൈസ്‌കൂള്‍
ഇടുക്കി ജില്ലയിലെ തമിഴ് തൊഴിലാളി ഗ്രാമങ്ങളിലും കേരള–തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലും ഇന്നലെ വർണാഭമായ പൊങ്കൽ ആഘോഷങ്ങൾ നടന്നു. ഇതിനോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ തമിഴ് ഗ്രാമമായ രാജകുമാരിയിൽ സ്ഥിതിചെയ്യുന്ന ഖജനാപ്പാറ തമിഴ് മീഡിയം ഹൈസ്‌കൂളില്‍ വർണാഭമായ പൊങ്കൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണവും പരിസരവും കുട്ടികളും അധ്യാപകരും ചേർന്ന് ശുചീകരിച്ചു. തുടർന്ന് നിറപ്പകിട്ടാർന്ന കോലം വരച്ച് പൊങ്കലിനെ സന്തോഷത്തോടെ വരവേറ്റു.
പൊങ്കൽ ആഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്‌തും സാംസ്‌കാ രിക പരിപാടികൾ അവതരിപ്പിച്ചു. പൊങ്കലുണ്ടാക്കൽ ചടങ്ങ് ആഘോഷങ്ങൾക്ക് പ്രത്യേക മികവ് നൽകി. കാപ്പുകെട്ടൽ, വിവിധ കലാ–കായിക മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. മത്സരങ്ങളിലും പരിപാടികളിലും കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷങ്ങൾ, കുട്ടികൾക്ക് അവരുടെ പാരമ്പര്യവും സംസ്‌കാ രവും അടുത്തറിയാനുള്ള അവസരമായി.
തമിഴ് തൊഴിലാളി സമൂഹത്തിൻ്റെ ജീവിതവും കാർഷിക സംസ്‌കാരവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനുള്ള വേദിയായി ഈ ആഘോഷങ്ങൾ മാറിയതായി അധ്യാപകർ പറഞ്ഞു. നാല് ദിവസങ്ങളിലായി നടക്കുന്ന പൊങ്കൽ ആഘോഷങ്ങൾ, ഇടുക്കി ജില്ലയിലെ തമിഴ് തൊഴിലാളി ഗ്രാമങ്ങളിൽ സാമൂഹിക ഐക്യവും സന്തോഷവും വർധിപ്പിക്കുകയാണ്. തൊഴിലാളി കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പൊങ്കൽ ആഘോഷങ്ങൾ വലിയ പങ്കുവഹിക്കുന്നുവെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
മകരസംക്രാന്തിയില്‍ പൊങ്കല്‍
മകരസംക്രാന്തിയില്‍ത്തന്നെയാണ് തമിഴ് നാടിൻ്റെ സാംസ്‌കാരികോത്സവമായ പൊങ്കലും നടക്കുന്നത്. തമിഴ് സമൂഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമായ പൊങ്കൽ സമൃദ്ധിയുടെയും ഐക്യത്തിൻ്റെയും പ്രതീകമായാണ് ആഘോഷിക്കുന്നത്. തമിഴ് മാസമായ മാര്‍ഗഴിയുടെ അവസാന ദിവസമാണ് പൊങ്കല്‍. തൈമാസം മൂന്നാം തീയതിയോടെ പൊങ്കല്‍ അവസാനിക്കും. പൊങ്കല്‍ ഉത്സവത്തിൻ്റെ ഓരോ ദിവസത്തിനുമുണ്ട് കാര്‍ഷിക പ്രാധാന്യവും പ്രകൃതിയോടുള്ള അകമഴിഞ്ഞ ആദരവും. ഒരോ ദിവസവും വ്യത്യസ്‌തമായ ചടങ്ങുകളാണ് നടക്കുന്നത്.
ആദ്യ ദിവസമായ ബോഗി പൊങ്കല്‍ ദിനത്തില്‍ പഴയതെല്ലാം ഉപേക്ഷിച്ച് പുതുമയെ സ്വാഗതം ചെയ്യുന്ന ചടങ്ങുകളാണ് നടത്തുന്നത്. വീടുകളും പരിസരങ്ങളും ശുചീകരിച്ച് പഴയ സാധനങ്ങൾ മാറ്റിവെച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണും പൊങ്കൽ ദിനങ്ങളിൽ കുടുംബസംഗമങ്ങളും ആചാരങ്ങളും വിനോദപരിപാടികളും അരങ്ങേറും.
രണ്ടാമത്തെ ദിനമായ തൈപൊങ്കല്‍ ആണ് ഏറ്റവും പ്രധാനം. വീടുകളില്‍ വര്‍ണ്ണാഭമായ കോലം വരച്ച് വീടിനു പുറത്ത് അടുപ്പ് പൂട്ടി പൊങ്കല്‍ നിവേദ്യം അര്‍പ്പിക്കുന്നു. പുതിയ മണ്‍കലത്തില്‍ അരിയും പാലും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് പൊങ്കല്‍ വിഭവം. ഈ ദിവസം കരിമ്പ്, പഴം, നാളികേരം, വിവിധ കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം സൂര്യദേവന് സമര്‍പ്പിക്കുന്നു.
മൂന്നാമത്തെ ദിവസമായ മാട്ടുപൊങ്കലിന് കൃഷിയില്‍ തങ്ങള്‍ക്ക് തുണയാകുന്ന കന്നുകാലികളെ കുളിപ്പിച്ച് അലങ്കരിച്ച് കൊമ്പുകളില്‍ ചായം പൂശി മാലയിട്ട് പ്രകൃതിവിഭവങ്ങള്‍ നല്‍കും. കാലികളുടെ ദീര്‍ഘായുസിനും കാര്‍ഷിക വിളകളുടെ തുടര്‍ച്ചയായ വിളവെടുപ്പിനും നല്ല കാലാവസ്ഥക്കുമായി പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നു. ശിവൻ്റെ വാഹനമായ നന്ദി ഭൂമിയിലെത്തി കര്‍ഷകരെ നിലമുഴാന്‍ സഹായിക്കുന്നു എന്ന വിശ്വാസവും ഈ ആചാരത്തിലുണ്ട്.
നാലാമത്തെ ദിവസമായ കാണും പൊങ്കല്‍ സാമൂഹിക ബോധം ഊട്ടിയുറപ്പിക്കുന്നതിനും വിശ്രമത്തിനും വേണ്ടിയുള്ള ദിവസം കൂടിയാണ്. ഈ ദിവസം ബന്ധുവീടുകള്‍ സന്ദര്‍ശിച്ച് വിരുന്നു നടത്തും. ബന്ധുമിത്രാദികളോടൊപ്പമുള്ള സന്തോഷത്തിൻ്റെ ദിവസമാണിത്. തങ്ങളുടെ കീഴില്‍ പണിയെടുക്കുന്നവര്‍ക്ക് പുതുവസ്ത്രവും സമ്മാനങ്ങളും നല്‍കും.
കേരളത്തിലെ ആറ് ജില്ലകള്‍ക്ക് അവധി
തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണ് ഇവ.



Be the first to comment